തിക്കുറിശി ഒരു കാലഘട്ടത്തിന്റെ ചൈതന്യം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
1532278
Wednesday, March 12, 2025 6:26 AM IST
തിരുവനന്തപുരം: ജീവിതത്തിന്റെ പ്രതിസ്പന്ദനമായിരുന്നു പഴയകാല സിനിമകളെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അഭിനേതാക്കളുടെ ജന്മസിദ്ധമായ പ്രതിഭയുടെ സാക്ഷാത്കാരമാണ് ഇന്നലെയുടെ ചിത്രങ്ങളിൽ ദൃശ്യമായിരുന്നതെന്നും മന്ത്രി പറഞ്ഞു. തിക്കുറിശി ഫൗണ്ടേഷൻ ഇന്നലെ പ്രസ് ക്ലബിൽ സംഘടിപ്പിച്ച തിക്കുറിശി സുകുമാരൻ നായർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിക്കുറിശിയുടെ 28-ാം ചരമവാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. ഒരു കാലഘട്ടത്തിന്റെ ചൈതന്യമായിരുന്നു തിക്കുറിശി. ഇന്നത്തെപ്പോലെ സാങ്കേതിക മികവ് പ്രകടമല്ലാതിരുന്ന ഒരു കാലത്താണ് തിക്കുറിശി അഭിനയിച്ചത്. തിക്കുറിശി നായകനായ ജീവിതനൗക കാണുവാൻ ആറുകിലോമീറ്റർ നടന്നു തീയറ്ററിലെത്തിയ അനുഭവവും രാമചന്ദ്രൻ കടന്നപ്പള്ളി ഓർമിച്ചു.
മലയാള സിനിമയുടെ ആദ്യത്തെ സൂപ്പർ സ്റ്റാറാണ് തിക്കുറിശി എന്നു സംവിധായകൻ ബാലു കിരിയത്ത് പറഞ്ഞു. തമിഴ് നാടക കലാസംസ്കാരത്തിന്റെ പിടിയിലായിരുന്ന മലയാള നാടകലോകത്തിനു മലയാളത്തനിമയുടെ മുഖം നല്കിയത് തിക്കുറിശിയാണെന്നും അദ്ദേഹം പറഞ്ഞു.
നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി. മോഹനചന്ദ്രൻ നായർ തിക്കുറിശി അനുസ്മരണ പ്രസംഗം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ സ്വാഗതം ആശംസിച്ചു. കവി രാധാകൃഷ്ണൻ കറുകപ്പിള്ളി കൃതജ്ഞത പറഞ്ഞു. ഡോ. വാഴമുട്ടം ചന്ദ്രബാബു തിക്കുറിശി സ്മരണാഞ്ജലി അവതിരിപ്പിച്ചു.
തിക്കുറിശിയുടെ പ്രതിമയും കലാഗ്രാമവും സ്ഥാപിക്കണം: ഡോ. ജോർജ് ഓണക്കൂർ
തിരുവനന്തപുരം: തിക്കുറിശി സുകുമാരൻ നായരുടെ പ്രതിമയും തിക്കുറിശിയുടെ പേരിൽ മികച്ച ഒരു കലാഗ്രാമവും തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. തിക്കുറിശി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാള നാടകത്തിന്റെയും സിനിമയുടെയും വളർച്ചയ്ക്കും പുരോഗമനത്തിനും തുടക്കം കുറിച്ച പൂർവാചാര്യൻ ആയിരുന്നു തിക്കുറിശി. മലയാള നാടകവും സിനിമയും ഇന്നത്തെ നിലവാരത്തിലെത്തുവാൻ തിക്കുറിശി നല്കിയ സംഭാവനകൾ അതുല്യമാണ്. പുതിയ കാലത്തിൽ തിക്കുറിശിയുടെ സംഭാവനകൾ അടയാളപ്പെടുത്തുവാൻ കലാഗ്രാമം അനിവാര്യമാണ്. തിക്കുറിശിയുടെ കൃതികൾ പുനഃപ്രസിദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.