യുജിസി കരട്: ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നതെന്നു മന്ത്രി
1532274
Wednesday, March 12, 2025 6:15 AM IST
തിരുവനന്തപുരം: കരട് യു ജി സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.
കരട് യുജിസി ചട്ടങ്ങൾ 2025 എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വൈസ്ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് നിലവിലെ നിർദേശങ്ങൾ. യു ജി സി ഗൈഡ്ലൈൻ എന്നത് മാറ്റി റഗുലേഷൻ എന്ന് ഉപയോഗിച്ചിരിക്കുന്നത് അമിത നിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതക്കപ്പുറം മറ്റ് മാനദണ്ഡങ്ങൾ വിസി നിയമനത്തിനടക്കം ബാധകമാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുന്നതിന് കാരണമാകും. സിലബസ് പരിഷ്ക്കരണത്തിലടക്കം സങ്കുചിതമായ ചിന്താഗതി പുലർത്തരുത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഉന്നതമായ മൂല്യങ്ങളും ജനാധിപത്യ ബോധവും നിലനിർത്തുന്ന ഇടങ്ങളായിരിക്കണം ഉന്നത വിദ്യാഭ്യാസ മേഖല.
യു.ജി.സിയുടെ നിലപാടുകൾ ക്ലാസ്മുറികൾക്കപ്പുറം പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിലേക്കെത്തിക്കാൻ ചർച്ചയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൽ ക്യു ഏസി കേരള ഡയറക്ടർ ഡോ.എം എ ലാൽ സ്വാഗതമാശംസിച്ചു.