ഇനി പൊങ്കാലയ്ക്കായി മനസര്‍പ്പിച്ച് ഭക്തര്‍
1532267
Wednesday, March 12, 2025 6:15 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഇനി ഒരു ലക്ഷ്യമേയുള്ളൂ പൊങ്കാല. അതിനായി കാത്തിരിക്കുന്ന മുഹൂര്‍ത്തം അതിന്റെ പാരമ്യതയിലേയ്ക്ക് അടുത്തു തുടങ്ങി. ഇനി പൊങ്കാലയ്ക്കായി മനസര്‍പ്പിച്ച് അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലേയ്ക്ക്.
ആയിരക്കണക്കിന് സ്ത്രീകളാണു പൊങ്കാലയിടുന്നതിനുവേണ്ടി തയാറെടുക്കുന്നത്. മനസും ശരീരവും അമ്മയിലര്‍പ്പിച്ച് ജാതി മതഭേദമന്യേ ആര്‍ക്കും ആറ്റുകാല്‍ പൊങ്കാലയിടാം. ചോറ്, പായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് പൊങ്കാലയ്ക്ക് നിവേദിക്കുന്നത്. അകലങ്ങളില്‍നിന്നും ക്ഷേത്രത്തിനടുത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേയ്ക്ക് പലരും എത്തി തുടങ്ങി.
മാസങ്ങള്‍ക്കുമുമ്പുതന്നെ ക്ഷേത്രത്തിനു സമീപമുള്ള വീടുകളില്‍ പൊങ്കാലയ്ക്കെത്തുന്നവരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അമ്മയുടെ അരികില്‍ തന്നെ പൊങ്കാലയര്പ്പിക്കണമെന്ന് ആശിച്ചു നേരത്തെ ക്ഷേത്ര പരിസരത്തു തമ്പടിച്ചവരുമുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണവും ദാഹജലവുമായി നിരവധി സംഘടനകള്‍ ഇത്തവണയും തയാറെടുക്കുന്നു. വൈദ്യസഹായത്തിനും സൗജന്യ ആംബുലന്‍സ് സര്‍വീസിനും സന്നദ്ധസംഘടനകളുണ്ട്. പൊങ്കാല കലങ്ങളുടെ വില്‍പ്പനയും വ്യാഴാഴ്ച തകൃതിയായി നടന്നു.