റോഡിന് നടുവിലെ കുഴി ഭീഷണി സൃഷ്ടിക്കുന്നു
1531690
Monday, March 10, 2025 6:59 AM IST
പേരൂര്‍ക്കട: സെപ്റ്റിക് ടാങ്കിന്റെ മൂടി കണ്ടെത്താനായി എടുത്ത കുഴി മൂടാതെ ഇട്ടിരിക്കുന്നത് വാഹനയാത്രികര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു. ശാസ്തമംഗലം-പൈപ്പിന്മൂട് റോഡിലെ ഇറക്കത്തിൽ റോഡിന്റെ മധ്യഭാഗത്തായാണ് കുഴി സ്ഥിതിചെയ്യുന്നത്.
ഈ ഭാഗത്തുകൂടി മാലിന്യക്കുഴല്‍ കടന്നുപോകുന്നുണ്ട്. ടാറിംഗ് പൂര്‍ത്തീകരിച്ചതോടെ ടാങ്കിന്റെ മൂടി ടാറിനടിയിലായി. മാലിന്യവാഹിനിയില്‍ അടവുവന്നതോടെയാണ് മൂടി കണ്ടെത്തുന്നതിനായി കുഴിച്ചത്. എന്നാല്‍ ടാങ്കിലെ അടവ് പരിഹരിച്ചുവെങ്കിലും കുഴി അതേപടി കിടക്കുന്നു.
ഇനി ഈ ഭാഗം വീണ്ടും മെറ്റലോ മണ്ണോ ഇട്ടു മൂടുകയാണെങ്കില്‍ ആവശ്യം വരുന്നപക്ഷം മൂടി ഇളക്കാന്‍ റോഡ് വീണ്ടും കുഴിക്കേണ്ടിവരുമെന്നതാണ് അവസ്ഥ. ഇറക്കം ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണാല്‍ നിയന്ത്രണംതെറ്റുമെന്ന കാര്യം ഉറപ്പാണ്. കാറുകളും മറ്റുവാഹനങ്ങളും കുഴികളില്‍ വീഴുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.
സമീപത്തെ ആരാധനാലയങ്ങളിലേക്കും വഴിയോര ചന്തയിലേക്കും വഴിയോര വാണിഭ ശാലകളിലേക്കുമെത്തുന്ന പൊതുജനങ്ങള്‍ക്കും കുഴി ഭീഷണി സൃഷ്്ടിക്കുന്നുണ്ട്. കുഴിക്കു സമീപമെത്തുമ്പോള്‍ പെട്ടെന്ന് വാഹനങ്ങള്‍ വെട്ടിച്ചു തിരിക്കുന്നതാണ് റോഡരികിലൂടെ നടന്നുപോകുന്നവര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നത്.