പാളയം കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു കൊടിയേറി
1531886
Tuesday, March 11, 2025 6:14 AM IST
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി.
ഇന്നലെ വൈകുന്നേരം 5.30ന് ഇടവക വികാരി മോണ്‍. ഇ. വില്‍ഫ്രഡ് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ആര്. ക്രിസ്തുദാസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടായിരുന്നു. ഈ മാസം 18ന് വൈകുന്നേരം 5.30ന് ആഘോഷമായ സന്ധ്യാവന്ദനവും തുടര്‍ന്ന് യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു നഗരംചുറ്റി പ്രദക്ഷിണവും ഉണ്ടാകും.
തിരുനാള്‍ ദിനമായ 19നു രാവിലെ 11നു സമൂഹദിവ്യബലിയും തുടര്‍ന്ന് 12ന് അയ്യായിരം പേര്‍ക്ക് നേര്‍ച്ച ഊണും ഉണ്ടാകും. അന്നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരിക്കും.