വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പ് മിയ
1531691
Monday, March 10, 2025 6:59 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നറുകളുമായി മദർഷിപ്പ് മിയ എത്തി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ്സിയുടെ ഏഷ്യ-യൂറോപ്പ് കപ്പൽ സർവീസ് നെറ്റ് വർക്കായ ജെഡ് സർവീസിൽ ഇടം നേടിയ വിഴിഞ്ഞത്തേക്ക് ആദ്യമെത്തിയ കൂറ്റൻ കപ്പൽമിയ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ തടസമൊന്നും കൂടാതെ തുറമുഖ വാർഫിൽ നങ്കൂരമിട്ടു.
സിംഗപ്പൂരിൽ നിന്ന് പോർച്ചുഗലിലേക്കുള്ള യാത്രാ മധ്യേ വിഴിഞ്ഞത്ത് അടുത്ത പനാമ രജിസ്ട്രേഷനുള്ള മിയ മൂവായിരത്തിലധികം കണ്ടെയ്നറുകൾ ഇറക്കി ദൗത്യം പൂർത്തിയാക്കി ഇന്ന് മടങ്ങും. 400 മീറ്റർ നീളവും 62 മീറ്റർ വീതിയും 16.2 മീറ്റർ ആഴവുമുള്ള കപ്പലിന് ഇരുപത്തിമൂവായിരത്തോളം ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. രണ്ട് ദിവസം മുൻപ് പുറംകടലിൽ നങ്കൂരമിട്ടെങ്കിലും നേരത്തെ എത്തിയ കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നർ നീക്കം പൂർണമാകുന്നത് വരെ കാത്തു കിടന്നു.
ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിൽ നിശ്ചയിച്ചിട്ടുള്ള ജെഡ് സർവീസിലെ രണ്ടാമത്തെ കപ്പലായ എംഎസ്സി മിർജാം ഇന്ന് രാത്രിയോ നാളെയോ വിഴിഞ്ഞത്തടുക്കുമെന്ന് അധികൃതർ പറയുന്നു. ലോകത്തിന്റെ മുന്നിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രശസ്തി ഒന്നുകൂടി വർധിച്ചതിന് തെളിവായി ജെഡ് സർവീസിലെ പ്രവേശനമെന്നും ബന്ധപ്പെട്ടവർ വിലയിരുത്തുന്നു.
കപ്പലുകളുടെ വരവ് വർധിച്ചതോടെ ഒന്നാം ഘട്ടത്തിൽ പ്രതീക്ഷിച്ച 10 ലക്ഷം കണ്ടെയ്നർ എന്ന കണക്കും കടന്ന് പോകുമെന്ന് ഉറപ്പായി. ജൂലൈ 11-ൽ ആരംഭിച്ച് ഡിസംബർ മൂന്നിന് അവസാനിച്ച ട്രയൽ റണ്ണിൽ ഒന്നര ലക്ഷത്തോളം കണ്ടെയ്നറുകൾ എത്തിയെങ്കിൽ അതിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ കണ്ടെയ്നറുകളുടെ വരവ് രണ്ടര ലക്ഷത്തിൽപ്പരമായി ഉയർന്നു. ആദ്യമെത്തിയ സാൻഫെർണാണ്ടോ മുതൽ ഇതുവരെ 202 കപ്പലുകളിൽ നിന്നായി നാല് ലക്ഷത്തിൽപ്പരം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് കഴിഞ്ഞു.