ആറ്റുകാലിൽ 50 വർഷമായി ശാന്തയുണ്ട് ; പൊങ്കാല കലങ്ങളുമായി
1531869
Tuesday, March 11, 2025 6:01 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പൊങ്കാല കലങ്ങളുടെ വില്പനയുമായി ആറ്റുകാല്‍ ദേവീനടയില്‍ ശാന്തയുണ്ട്. പൂഴിക്കുന്ന് പാമാംകോട് സ്വദേശിനി ശാന്ത(73) ആറ്റുകാല്‍ ചിറമുക്ക് റോഡിലാണ് പതിവായി കലങ്ങളുമായി വില്പനയ്ക്കെത്തുന്നത്.
ഉത്സവം തുടങ്ങിയ നാളു മുതല്‍ തമിഴ്നാട്ടിലെ തക്കലയ്ക്ക് സമീപം ചുക്കാന്കടയില് നിന്നുമാണ് പൊങ്കാല കലങ്ങള്‍ വില്പനയ്ക്കെത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ കലങ്ങള്‍ക്ക് വില കൂടുതലാണെന്ന് ശാന്ത പറയുന്നു.40 രൂപ മുതല്‍ 200രൂപ വരെയുള്ള കലങ്ങളാണ് വില്പനയ്ക്കുള്ളത്. കലങ്ങളോടൊപ്പം ആവശ്യകാര്‍ക്ക് ചിരട്ടയില്‍ നിര്‍മിച്ച പൊങ്കാല തവികളും വില്പനയ്ക്കുണ്ട്. ഉത്സവം തുടങ്ങിയത് മുതല്‍ പൊങ്കാല കലങ്ങളുടെ വിലപ്ന തുടങ്ങിയെങ്കിലും പൊങ്കാലയ്ക്ക് തലേന്നാളാണ് കച്ചവടം കൂടുതല്‍ നടക്കുന്നത്.
അന്ന് മുഴുവന്‍ കലങ്ങളും വിറ്റുപോവുമെന്ന പ്രതീക്ഷയിലാണ് ശാന്ത. വര്‍ഷങ്ങള്‍ക്കുമുമ്പ് ശാന്തയുടെ സ്വദേശമായ പാമാംകോട്ട് തന്നെ പൊങ്കാലയ്ക്ക് ആവശ്യമായ മണ്കലങ്ങള് നിര്‍മിച്ചിരുന്നു. ആറ്റുകാലിലെ പൊങ്കാലയ്ക്ക് ശേഷം കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയ്ക്കും കലങ്ങള്‍ വില്ക്കാന് ശാന്തയും കുടുംബവും പോകും. ആഴ്ചകള്‍ക്ക് മുമ്പുതന്നെ ക്ഷേത്രപരിസരത്തും റോഡിന് ഇരുവശത്തും കലം വില്പനയ്ക്കായി കയര്‍ കെട്ടി സ്ഥലം പിടിച്ചു ഇടുകയാണ് പതിവ്.
പാപ്പനംകോട് രാജന്