വെഞ്ഞാറമൂട് കൂട്ടക്കൊല : രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി: സങ്കടമോ കുറ്റബോധമോ ഇല്ലാതെ അഫാന്
1532268
Wednesday, March 12, 2025 6:15 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പു പൂര്‍ത്തിയായി. അച്ഛന്റെ സഹോദരന് അബ്ദുല്‍ ലത്തീഫ്, ഭാര്യ സാജിത ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂര്‍ പോലീസ് അഫാനുമായി തെളിവെടുപ്പ് നടത്തിയത്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പോലീസിനോട് പ്രതി കൊലപാതകം വിവരിച്ചത്.
ചുള്ളാളത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് അഫാനെ തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. അബ്ദുള്‍ ലത്തീഫിനെ കൊലപ്പെടുത്തിയതു കണ്ടതിനാലാണ് ഭാര്യ സാജിതയെയും വകവരുത്തിയതെന്നാണു അഫാൻ പോലീസിനു നല്കിയ മൊഴി. മുഖത്തും ശരീരഭാഷയിലും യാതൊരു ഭാവദേദവുമില്ലാതെയാണ് രണ്ടാംഘട്ട തെളിവെടുപ്പിലും അഫാന് കാര്യങ്ങള്‍ വിശദീകരിച്ചത്.
കൊലപാതകശേഷം മൃതദേഹത്തിനരികിലിരുന്നു സിഗരറ്റ് വലിച്ചതായും അഫാന് പോലീസിനോട് പറഞ്ഞു. തൊട്ടടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ ലത്തീഫിന്റെ ഫോണും, വീടിന്റെ താക്കോലും തെളിവെടിപ്പിനിടെ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ അഫാന്റെ മൊഴി കൂടുതല്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
തുടര്‍ന്ന് പേരമലയിലെ വീട്ടില്‍ എത്തിച്ച പ്രതി ആക്രമിക്കാനായി വാങ്ങിയ ഒരു കിലോ വരുന്ന മുളകുപൊടിയും പോലീസിന് എടുത്ത് നല്കി. തുടര്‍ന്ന് സിഗരറ്റ്, എലിവിഷം, ചുറ്റിക, പെപ്സി, മുളക്പൊടി, ബാഗ് എന്നിവ വാങ്ങിയ കടകളിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നാളെ ഉച്ചയ്ക്കുശേഷം അഫാനെ കോടതിയില്‍ ഹാജരാക്കും.
അതിനുശേഷം ആകും സുഹൃത്ത് ഫര്‍സാനയെയും, അനിയന് അഫ്സാനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. അതേസമയം അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐസിയുവില്‍നിന്നു മാറ്റി.