ഐഎസ്ഡിസി മാർ ഈവാനിയോസ് കോളജുമായി ധാരണാപത്രം ഒപ്പുവച്ചു
1532277
Wednesday, March 12, 2025 6:26 AM IST
തിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി), തിരുവനന്തപുരം മാർ ഇവാനിയോസ് ഓട്ടോണോമസ് കോളജുമായി ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർഥികൾക്ക് ലോകോത്തര നിലവാരമുള്ള എസിസിഎ അംഗീകൃത ബി.കോം കോഴ്സുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണം ഉറപ്പാക്കുന്നത്.
മാർ ഈവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ ഐഎസ്ഡിസി റീജണൽ മേധാവി ശരത് വേണുഗോപാൽ, കോളജ് പ്രിൻസിപ്പൽ ഡോ. മീരാ ജോർജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർട്ടിഫൈഡ് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനനായ എസിസിഎയുടെ അംഗീകാരം കരസ്ഥമാക്കുവാൻ പുതിയ പങ്കാളിത്തം സഹായകമാകുമെന്ന് പ്രിൻസിപ്പാൾ ഡോ. മീര ജോർജ് പറഞ്ഞു.
ആധുനിക കാലത്ത് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം വിദ്യാർഥികൾക്ക് ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അവർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് തൊഴിൽ രംഗത്തെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യങ്ങൾ പഠിക്കുവാനും ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്നു ഐഎസ്ഡിസി റീജണൽ മേധാവി ശരത് വേണുഗോപാൽ പറഞ്ഞു.
ഐഎസ്ഡിസി അസിസ്റ്റന്റ് മാനേജർ അമൽ രാജ്, കോളജ് ബർസാർ ഫാ. തോമസ് കൈയാലക്കൽ, വൈസ് പ്രിൻസിപ്പാൾ ഫാ. ഗീവർഗീസ് വലിയച്ചാങ്ങവീട്ടിൽ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. സരിൻ തോമസ്, കൊമേഴ്സ് വിഭാഗം (സെൽഫ് ഫിനാൻസ്) മേധാവി ഡോ. കെ.ഐ. ജോർജി, പ്രോഗ്രാം കോർഡിനേറ്റർ (ബികോം അക്കൗണ്ട് സ് ആൻഡ് ഓഡിറ്റ്) ഡോ. സാജോ ജോസഫ് എന്നിവർ പങ്കെടുത്തു.