യുവാക്കള്‍ നിര്‍ബന്ധമായും തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണം : കളക്ടര്‍ അനുകുമാരി
1531874
Tuesday, March 11, 2025 6:01 AM IST
പേരൂര്‍ക്കട: രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് കേരള സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.
മികച്ച ജനാധിപത്യ സംവിധാനത്തിലൂടെ രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമാവുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്വിസ് മത്സരത്തില്‍ വിജയികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്‍സസ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ പി.വി ജോര്‍ജ് കുട്ടി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം ഹാരിസ്, അസി.ഡയറക്ടര്‍ ജെ. സാജിത എന്നിവര്‍ പങ്കെടുത്തു.