ആശാവർക്കർമാർ 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും
1531882
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തുന്ന ജനാധിപത്യ സമരത്തെ അഭിസംബോധന ചെയ്യാനോ പരിഹാരം കണ്ടെത്താനോ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരത്തിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. രാപകൽ സമരത്തിന്റെ 29-ാം ദിവസം സമരവേദിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വൻതോതിൽ പൊതുജന പിന്തുണയും ജനകീയ പങ്കാളിത്തവും ആർജിച്ചാണ് സ്ത്രീ തൊഴിലാളികളായ ആശാവർക്കർമാർ ജനകീയ സമരവുമായി മുന്നോട്ടുപോകുന്നത്.
എന്നാൽ സമരത്തോട് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സാമൂഹ്യ- സാംസ്കാരിക-കലാ- മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങൾ ഉൾപ്പെടെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധം എന്ന കൂടുതൽ ശക്തമായ സമരമാർഗം സ്വീകരിക്കുവാൻ സംഘടന തയാറായതെന്നു സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.