"കണ്ണകീചരിതം' പാടി മധു ആശാനും സംഘവും
1531881
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ തോറ്റംപാട്ട് കേള്‍ക്കാന്‍ ദിവസവും വന്‍ ഭക്തജനതിരക്ക്. ഉത്സവത്തിലെ പ്രധാന ചടങ്ങായ തോറ്റംപാട്ടിലൂടെ കൊഞ്ചിറവിള കല്ലടിമുഖം കുന്നത്തുവീട്ടില്‍ മധു ആശാനും സംഘവുമാണു ദേവിക്ക് പാരമ്പര്യമായി സ്വരാര്ച്ചന നടത്തുന്നത്.
രാത്രി ഒരുമണിക്കു തുടങ്ങി വെളുക്കുംവരെയും തുടര്‍ന്ന് രാവിലെ ഏഴിനു തുടങ്ങി ഉച്ചവരെയുമാണ് തോറ്റംപാട്ട്. കേട്ടുപഠിക്കുന്ന കണ്ണകീചരിതമാണ് ഇവര്‍ ദേവിക്ക് മുന്നില്‍ പാടുന്നത്. ഓരോദിവസവും പറയുന്ന ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥാഭാഗവും അതാതു ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്.
ദേവിയെ ആവാഹിച്ച് ഉടവാളില്‍ കുടിയുരുത്തി കൊ ണ്ടാണു കഥ തുടങ്ങുന്നത്. തുടര്‍ന്നു ദേവിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പാടിയറിയിക്കുന്ന മാലപ്പുറംപാട്ട്, ചിലമ്പു വില്ക്കാന് പോകുന്ന കോവലനും പാണ്ഡ്യരാജാവിന്റെ അധികാരലഹരിയുമൊക്കെ കടന്നു ചിലമ്പ് മോഷണക്കുറ്റം ചുമത്തി കോവലന് വധിക്കപ്പെടുന്നതും വീണ്ടും ദേവീ സന്നിധിയില്‍ പല ദിവസങ്ങളിലൂടെ പാട്ടായി എത്തുന്നു.
പിന്നെ കോപാകുലയായ ദേവിയുടെ പ്രതികാരമായി കൊന്നുതോറ്റംപാടി ഒടുവില്‍ പത്താംനാള്‍ കുടിയിളക്കുന്നു. ഇന്നലെ അധികാരത്തിന്റെ ലഹരിയിലായിരുന്ന പാണ്ഡ്യരാജാവ് കോവലനെ ചിലമ്പു മോഷ്ടിച്ചെന്ന കുറ്റംചുമത്തി വധിക്കുന്ന സന്ദര്‍ഭമാണ് പാടിയത്. ഇന്നു കോവിലന്റെ മരണവാര്‍ത്തയറിഞ്ഞ് ദേവി കൈലാസത്തില്‍ പോയി പരമശിവനില്നിന്നും വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നു.