ഒരുക്കങ്ങൾ പൂർത്തിയായി; ആറ്റുകാൽ പൊങ്കാല വ്യാഴാഴ്ച
1531887
Tuesday, March 11, 2025 6:14 AM IST
തിരുവനന്തപുരം: പ്രാർഥനാപൂർവം ഭക്തർ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാല വ്യാഴാഴ്ച. രാവിലെ 10.15ന് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ആദ്യം പൊങ്കാലയ്ക്ക് തീപകരും.
അവിടെനിന്നും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിൽ മേൽശാന്തി അഗ്നി പകരും. തുടർന്ന് നഗരത്തിലെ എല്ലാ വീഥികളിലും വീട്ടുമുറ്റങ്ങളിലും നിറഞ്ഞ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകൾ ജ്വലിക്കും. ഉച്ചയ്ക്ക് 1.15നാണ് പൊങ്കാല നിവേദ്യം. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഇക്കുറിയും പൊങ്കാല നിവേദിക്കുന്ന സമയത്ത് പുഷ്പവൃഷ്ടി ഉണ്ടാകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിമാനത്താവളത്തിലെ റണ്വേയുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മന്ത്രിതല അവലോകന യോഗത്തിൽ പുഷ്പവൃഷ്ടി ഉണ്ടായിരിക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പൊങ്കാല ദിവസം താൽക്കാലികമായി എയർപോർട്ടിലെ പണി നിർത്തിവയ്ക്കും. രാജീവ്ഗാന്ധി സെന്റർ ഫോർ ഏവിയേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ പൊങ്കാല ദിവസം പുഷ് പവൃഷ്ടി നടത്താൻ അനുമതി ലഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്തു നടക്കും. 11നു മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയൂടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ അഞ്ചിന് ശാസ്താക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് ഒന്പതോടെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനായി ക്ഷേത്ര പരിസരത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം ഹരിത ചട്ടങ്ങൾ പാലിക്കും. അന്നദാനത്തിലും ദാഹജല വിതരണത്തിനും പുനരുപയോഗിക്കാവുന്ന പാത്രങ്ങളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് സന്നദ്ധ സംഘടനകളെ അറിയിച്ചിട്ടുണ്ട്.