കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയില്ല : മൂവര്‍ സംഘം മെഡിക്കല്‍ ഷോപ്പ് തകര്‍ത്തു
1531875
Tuesday, March 11, 2025 6:01 AM IST
നെയ്യാറ്റിന്‍കര: മൂന്നംഗ സംഘം മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്തു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടത് നൽകാത്തതിനെത്തുടര്‍ന്നാണ് ആക്രമിച്ചതെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാർ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനു നേരെയായിരുന്നു മൂവര്‍ സംഘത്തിന്റെ അതിക്രമം. പുലര്‍ച്ചെ യുവാക്കളെത്തി ഒരു മരുന്ന് ആവശ്യപ്പെട്ടു.
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് നല്‍കാനാവൂയെന്നും മരുന്നില്‍ ലഹരിയുടെ അംശം ഉള്ളതിനാല്‍ മയക്കത്തിനു വിധേയമാകുമെന്നും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് അറിയിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പിന്റെ ചില്ലുവാതില്‍ കന്പും ഹോളോബ്രിക്സ് കല്ലും കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചു.
ഷോപ്പിന്റെ വാതിലില്‍ പല തവണ ആഞ്ഞ് ചവിട്ടുകയും ചെയ്തു. ഷോപ്പിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ ബൈക്കും അക്രമിസംഘം തകര്‍ത്തു. വാഹനം ആദ്യം നിലത്ത് തള്ളിയിടുകയും പിന്നീട് ഹോളോബ്രിക്സ് കല്ല് ഉപയോഗിച്ച് അടിച്ച് നശിപ്പിക്കുകയുമായിരുന്നു. ആശുപത്രി ജംഗ്ഷനില്‍ നടന്ന സംഭവം വ്യാപാരികളെ മാത്രമല്ല നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.