ഫാമിലി അഗാപ്പേക്ക് അഞ്ചുതെങ്ങ് ഇടവകയിൽ തുടക്കമായി
1531688
Monday, March 10, 2025 6:59 AM IST
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമപരിപാടികളുമായി കുടുംബപ്രേഷിത ശുശ്രൂഷ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേക്ക് അഞ്ചുതെങ്ങ് ഇടവകയിൽ തുടക്കംകുറിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ഫാമിലി അഗാപ്പേ പരിപാടികൾക്ക് തുടക്കമായത്. കുടുംബ ശുശ്രൂഷ ഡയറക്്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് എന്നിവർ സഹകാർമികരായിരുന്നു.
ദിവ്യബലിക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഫാമിലി അഗാപ്പേയുടെ ഔഗ്യോഗിക ഉദ്ഘാടനം ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. ഫാമിലി അഗാപ്പേ ലക്ഷ്യംവയ്ക്കുന്ന കുടുംബങ്ങളുടെ വിശുദ്ധീകരണവും വീണ്ടെടുപ്പും സാധ്യമാക്കാൻ കുടുംബ ശുശ്രൂഷ നടത്തുന്ന പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഫൊറോന വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ, ഫൊറോനയിലെ മറ്റുവൈദികർ, അഞ്ചുതെങ്ങ് ഇടവക അജപാലന സമിതി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഫാമിലി അഗാപ്പേയുടെ ഭാഗമായി ഇന്ന് ഭിന്നശേഷിക്കാർ, അന്ധർ, സംസാര കേൾവി പരിമിതർ, ഓട്ടിസം ബാധിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരെ കുടുംബ ശുശ്രൂഷ പ്രവർത്തകർ അവരായിരിക്കുന്ന ഇടങ്ങളിൽചെന്നു സന്ദർശിച്ചു. വിവാഹം കഴിഞ്ഞ് 10 വർഷം വരെ പൂർത്തിയാക്കിയ യുവദമ്പതികൾക്കുള്ള കുടുംബശാക്തീകരണ ക്ലാസും നടന്നു.