ഓണവില്ല് ശില്പികൾ വേങ്കമല ദേവിയുടെ ചിത്രംവരച്ച വില്ല് സമർപ്പിച്ചു
1531867
Tuesday, March 11, 2025 6:01 AM IST
വെഞ്ഞാറമൂട്: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യമായി ഓണവില്ല് ഒരുക്കുന്ന ശില്പികൾ വേങ്കമല ദേവിയുടെ ചിത്രം വരച്ച വില്ല് സമർപ്പിച്ചു .
വേങ്കമല വനദുർഗാദേവിയുടെയും ശ്രീപത്മനാഭന്റെയും ചിത്രങ്ങൾ വരച്ച വില്ലുകളാണ് ക്ഷേത്രത്തിൽ കൊണ്ടുവന്നത് . തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശില്പി പാരമ്പര്യത്തിൽപ്പെട്ട ആർ.ബി. കെ. ആചാരിയും സഹോദരങ്ങളായ ക്ഷേത്ര ശില്പി സുദർശൻ ആചാരി, ഉമേഷ് ആചാരി, സുലഭൻ ആചാരി, കാർത്തികേയൻ ആചാരി എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളാണ് എത്തിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ലൊരുക്കാൻ അവകാശമുള്ള കരമന വിളയിൽവീട് കുടുംബാംഗങ്ങളാണ് ഇവരെല്ലാം. വേങ്കമല ക്ഷേത്രം പാരമ്പര്യ രീതിയിൽ വലിയ സ്വീകരണമാണ് നൽകിയത്.
ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു ദേവി പ്രതിഷ്ഠയിലും ഉപദേവതമാരുടെ പ്രതിഷ്ഠകളിലും ചെണ്ടമേളത്തോടെ പാരമ്പര്യ പൂജകൾ നടത്തിയാണ് വില്ലുകൾ സമർപ്പിച്ചത്.
ക്ഷേത്രം പ്രസിഡന്റ് എം.എസ്.സിബിഷ്, സെക്രട്ടറി ആദർശ്, ക്ഷേത്ര കാരണവർ സോമൻ കാണി, മേൽശാന്തി ഷിജു,ട്രഷറർ ശ്രീലാൽ,പൂജാരിമാരായ സിബിഷ്, ബൈജു, ഗോകുൽ എന്നിവരും ക്ഷേത്രം കുടുബാംഗങ്ങളും ചേർന്നാണ് ഓണവില്ല് കുടുംബത്തിന് സ്വീകരണം നൽകിയത്.