കേരളപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ കളി, കൈവേല മത്സരങ്ങൾ 19 മുതൽ
1531682
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കേരള പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നാടന്‍കളികളുടെയും കൈവേലകളുടെയും മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങി. 19, 20, 21 തീയതികളിലായി നടക്കുന്ന മത്സരം 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചലച്ചിത്രതാരം മധുപാല്‍ ഉദ്ഘാടനം ചെയ്യും.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി. മുരളിധരന് പിള്ള, ഡോ. എസ്. നസീബ്, ഡോ. ജെ.എസ്. ഷിജുഖാന്, ഡി.എന്‍. അജയ്, ഡോ.പി.എന്‍. രാധാമണി, ഡോ.കെ.ജി. ഗോപ്ചന്ദ്രന്‍, കേരളപഠനവിഭാഗം അധ്യക്ഷന്‍ ഡോ.സി.ആര്. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. 19ന് രാവിലെ 9.30 മുതല്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ ആരംഭിക്കും. കള്ളനും പോലീസും, പുളിങ്കുരുകളി, ഈര്‍ക്കില്‍ കളി, വളപ്പൊട്ട് കളി, പാമ്പും കോണിയും, പേനകളി എന്നിവയാണ് ഇന്‍ഡോര്‍ വിഭാഗത്തിലുള്ളത്. കൈവേല മത്സരത്തില്‍ ചിരട്ടത്തവി നിര്‍മാണം, കളിമണ്രൂപ നിര്‍മാണം എന്നിവയുടെ മത്സരവും നടക്കും.
20ന് ഓലപ്പാമ്പ് നിര്‍മാണം, ഓലപ്പന്ത് നിര്‍മാണം മത്സരം. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഔട്ട്ഡോര്‍ ഇനങ്ങളായ സാറ്റ് കളി, കക്ക് കളി, കുളംകരകളി എന്നിവയും നടക്കും. 21ന് ഓലമെടയല്‍, ഓലപ്പീപ്പി, ഈര്‍ക്കില്‍ ചുല് നിര്‍മാണം എന്നീമത്സരങ്ങളും ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ ചട്ടിയും പന്തും, കുട്ടിയും കോലും, കിളിത്തട്ട് കളി, മരംതൊട്ട് കളി എന്നീ മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് കാഷ്പ്രൈസ് ഉണ്ടായിരിക്കും.
മാര്‍ച്ച് 12 വരെ രജിസ്ട്രേഷന് നടത്താം. കേരള സര്‍വകലാശാല പഠനവിഭാഗങ്ങളിലെയും കേരളസര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ഈ കളികള്‍ കുട്ടികളുടെ ബൗദ്ധിക, കായിക ശക്തിയെ ഉണര്‍ത്താന്‍ സഹായിക്കുന്നവയാണെന്ന് കേരളപഠനവിഭാഗം അധ്യക്ഷന്‍ ഡോ. സി.ആര്. പ്രസാദ് പറഞ്ഞു. വിവരങ്ങള്‍ക്ക് ഫോണ്‍: 8086164033.