ആറ്റുകാൽ വാർഡ് കൗണ്‍സിലർക്കെതിരായ കേസ്: പിന്നിൽ ഗൂഡാലോചനയെന്ന് ആക്ഷേപം
1531681
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയെ മർദിച്ചെന്ന പരാതിയിൽ ഇടത് കൗണ്‍സിലർക്കെതിരേ കേസെടുത്തതിനു പിന്നിൽ ഗൂഡാലോചനയെന്ന് ആക്ഷേപം.
ദർശനത്തിരക്ക് ക്രമീകരിക്കാൻ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്നുവെന്ന് ആരോപിച്ചാണ് വാർഡ് കൗണ്‍സിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്. ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കൽ, ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കൗണ്‍സിലർക്കെതിരേ ചുമത്തിയിട്ടുള്ളത്. നിയന്ത്രണം മറികടന്നു കൗണ്‍സിലർ ഇഷ്ടക്കാരെ ദർശനത്തിനായി പ്രവേശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം എന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, സംഘർഷാവസ്ഥയുടെ ദൃശ്യങ്ങൾ കഴിഞ്ഞ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പോലീസിന്റെ വാദം ശരിയല്ലെന്നാണ് ആക്ഷേപം. വയോധികരായ രണ്ടു സ്ത്രീകളുമായി പ്രവേശനത്തിന് അനുമതി തേടുന്ന കൗണ്‍സിലറെ ദൃശ്യത്തിൽ വ്യക്തമാണ്. അതേസമയം, വയോധികരെ അകത്ത് പ്രവേശിക്കാൻ അനുവദിക്കാത്ത പോലീസ് മറ്റു നാലു വനിതകള അകത്തേക്ക് കടത്തിവിടുന്നു.
ഇതിനിടെ കൗണ്‍സിലറും വയോധികരെ കടത്തി വിടാൻ ശ്രമിച്ചു. ഇതിനിടയിലാണ് സംഘർഷമുണ്ടായതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയത്തു സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഒഫീസർ കൊല്ലം ചിതറ അരുണ്‍ഭവനിൽ അശ്വനിയെ (27) മർദിച്ചെന്നാണ് ഉണ്ണികൃഷ്ണനെതിരായി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൗണ്‍സിലറെ തടയാനെത്തിയ പോലീസ് ഓഫീസറെ വലതു കൈമുട്ടു കൊണ്ട് നെറ്റിയിൽ ഇടിച്ചെന്നും തല കട്ടിളയിൽ ഇടിപ്പിച്ചു പരുക്കേൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
ഉദ്യോഗസ്ഥയുടെ മൊഴി പ്രകാരമാണ് വകുപ്പുകൾ ചുമത്തിയതെന്നും വിശദ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് ഇക്കാര്യത്തിൽ ഫോർട്ട് പോലീസിന്റെ നിലപാട്. അതേസമയം കേസെടുത്തതിനു പിന്നിൽ തനിക്കെതിരായ ഗൂഡാലോചനയാണെന്നും പാർട്ടിയോട് ആലോചിച്ച് കേസിൽ നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലർ ഉണ്ണികൃഷ്ണൻ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചെന്ന കേസിൽ പ്രതിയായ സിപിഎം കൗണ്‍സിലർ ആർ. ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി, ബിജെപി, കോണ്‍ഗ്രസ് സംഘടനകൾ ഇന്നലെ പ്രകടനം നടത്തി. രാവിലെ മേടമുക്കിൽനിന്നു കൗണ്‍സിലറുടെ വീട്ടിലേക്ക് ബിജെപി നടത്തിയ മാർച്ച് ചിറമുക്കിൽ പോലീസ് തടഞ്ഞു.
പ്രതിഷേധം ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. ബിജെപി കൗണ്‍സിലർമാരായ തിരുമല അനിൽ, വി.ജി. ഗിരി, സിമി ജ്യോതിഷ്, പാങ്ങോട് മധുസൂദനൻ നായർ, കരമന മഞ്ജു, സത്യവതി, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ആർ.സി. ബീന, ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിറമുക്കിൽ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധം മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.എസ് നസീർ അധ്യക്ഷത വഹിച്ചു. കൊഞ്ചിറവിള വിനോദ്, കാർത്തികേയൻ തന്പി, ജി. ലീന തുടങ്ങിയവർ പ്രസംഗിച്ചു.