സ്ത്രീകള്‍ക്ക് അര്‍ഹമായ വേതനമോ സ്ഥാനമോ ലഭിക്കുന്നില്ല: മന്ത്രി ചിഞ്ചുറാണി
1531680
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: ഭരണഘടന തുല്യത ഉറപ്പ് വരുത്തുമ്പോഴും സ്ത്രീകള്‍ക്ക് അര്‍ഹമായ വേതനമോ സ്ഥാനമോ ലഭിക്കുന്നില്ലെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ലോക വനിത ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ "വുമണ്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിളയില്‍നിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഇന്നും പാലിക്കുന്നില്ല. വനിത ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെങ്കിലും അതിന്റെ ഫലം ഇന്നും അപ്രാപ്യമാണ്. പാര്‍ലമെന്റിലും നിയമസഭയിലും 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഡ്, നബാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലുവാതുക്കല്‍ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരക ഹാളില്‍ കാര്‍ഡ് ചെയര്‍മാനും ഡബ്ല്യൂഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ഡോ. നടയ്ക്കല്‍ ശശിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനം ജി.എസ്.ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 30 വനിതകളെ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശാന്തിനി ആദരിച്ചു. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജെ. രാഖിമോള്‍ മുഖ്യപ്രഭാഷണം നടത്തി. "സ്ത്രീ സമത്വവും നിയമങ്ങളും' എന്ന വിഷയത്തില്‍ അഡ്വ. ലതാ മോഹന്‍ദാസും, "മയങ്ങുന്ന യുവത രക്ഷിതാവിന്റെ ആകുലത' എന്ന വിഷയത്തില്‍ മുന്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ചിറക്കര മധുവും "സ്ത്രീ സുരക്ഷയും സാമ്പത്തിക ഭദ്രതയും' എന്ന വിഷയത്തില്‍ പത്തനംതിട്ട ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ചെയര്മാന് ശ്രീലതയും ക്ലാസുകള്‍ എടുത്തു.
കല്ലുവാതുക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി. പ്രതീഷ് കുമാര്‍, വൈസ്മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാന്, ഡബ്ല്യൂഎംസി ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ. വി.എം. സുനന്ദകുമാരി ഡബ്ല്യൂഎംസി കൊല്ലം ചാപ്റ്റര്‍ ട്രഷറര്‍ എസ്.സുധീശന്‍, ഡബ്ല്യൂഎംസി ട്രാവന്‍കൂര്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ബി. ചന്ദ്രമോഹന്, വട്ടക്കുഴിക്കല്‍ മുരളി, ഡോ.സി. രാജശേഖരന് പിള്ള,
ഡോ. രാഗിണി, അഡ്വ. ആര്.എസ്. മിനി, അന്നമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. രശ്മി ജി. നായര്‍ സ്വാഗതവും ആര്. ശ്രീജ നന്ദിയും പറഞ്ഞു. നടനം ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.