വെഞ്ഞാറമൂട് കൂട്ടക്കൊല : ഫർസാനയെ അഫാൻ വീട്ടിലെത്തിച്ചത് അമ്മയ്ക്കു അസുഖം കൂടുതലെന്നു പറഞ്ഞ്
1531679
Monday, March 10, 2025 6:49 AM IST
വെഞ്ഞാറമൂട്: സുഹൃത്ത് ഫർസാനയെ അഫാൻ വീട്ടിലെത്തിച്ചത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്നു പറഞ്ഞതിനാൽ വീട്ടിലേക്കു വരണമെന്നും സംഭവദിവസം താൻ ഫർസാനയെ അറിയിച്ചതായി അഫാൻ പോലീസിനു മൊഴി നൽകി. കാവറ റോഡിലേക്കു നടന്നുവന്ന ഫർസാനയെ, അവിടെ നേരത്തെ കാത്തുനിന്നിരുന്ന അഫാൻ ബൈക്കിൽ വീട്ടിലെത്തിച്ചു.
പൂട്ടിയ ഗേറ്റ് തുറക്കാൻ നോക്കിയപ്പോൾ കൈയിലെ താക്കോൽ നഷ്ടപ്പെട്ടതായി മനസിലാക്കി. തുടർന്ന്, മതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്ത് ഇഷ്ടിക അടുക്കിവച്ച് അതിൽ ചവിട്ടി ഇരുവരും മതിൽ ചാടിക്കടന്ന് അകത്തുകയറുകയായിരുന്നു.
പണയംവയ്ക്കാൻ നൽകിയ സ്വർണമാല തിരികെ ചോദിച്ചു സമ്മർദത്തിലാക്കിയ ഫർസാനയോടു വൈരാഗ്യമുണ്ടായിരുന്നതായും അഫാൻ പറഞ്ഞു. മാല തിരികെ ചോദിച്ചതിനെ തുടർന്ന്, കാർ ആറ്റിങ്ങലിലെ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു പണം കണ്ടെത്തി തിരികെയെടുത്തു നൽകി. എന്നാൽ ഫർസാനയോടുള്ള വൈരാഗ്യം മനസിൽ കൊണ്ടുനടന്നു. ദുരിതാവസ്ഥയിൽ തന്നെ വീർപ്പുമുട്ടിച്ചെന്ന ചിന്തയാണു ഫർസാനയോടുണ്ടായിരുന്നതെന്നും അഫ്സാൻ പറഞ്ഞു.
സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. പേരുമലയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ താക്കോൽ കണ്ടെടുത്തു. ഷാൾ ഉപയോഗിച്ച് അമ്മയെ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് അഫാൻ ആദ്യം ശ്രമിച്ചത്.
രക്തംവാർന്ന നിലയിൽ അമ്മയെ മുറിയിലിട്ട ശേഷം ഇയാൾ മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിയ അഫാൻ മുറിയിൽനിന്ന് അമ്മയുടെ ഞെരക്കം കേട്ടതോടെ വീണ്ടും ആക്രമിച്ചു.
തുടർന്നാണ് മുറി പൂട്ടിയത്. ആക്രമണം നടത്തുമ്പോൾ ശബ്ദം കേട്ട് ആരെങ്കിലുമെത്തിയാൽ അവരെ നേരിടാൻ മുളകുപൊടി കരുതിയിരുന്നതായും ഇയാൾ മൊഴി നൽകി. മുളകുപൊടി മുഖത്തേക്കെറിഞ്ഞ് അവരെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം.
ഏഴു സ്ഥലങ്ങളിൽ തെളിവെടുപ്പ്; നാളെ കസ്റ്റഡിയിലെടുക്കും
വെഞ്ഞാറമൂട്: മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടg പാങ്ങോട് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂന്നുദിവസത്തെ കസ്റ്റഡി പൂർത്തിയായ അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. സൽമാ ബീവിയുടെയും അഫാന്റെയും വീടുകളടക്കം ഏഴു സ്ഥലങ്ങളിൽ പോലീസ് തെളിവെടുത്തു.
ആക്രമണത്തിനുപയോഗിച്ച ചുറ്റികയും അതു വയ്ക്കാനുള്ള ബാഗും വാങ്ങിച്ച കടകളിലും സൽമാബീവിയുടെ സ്വർണമാല പണയംവച്ച സ്ഥാപനത്തിലുമുള്ളവർ അഫാനെ തിരിച്ചറിഞ്ഞു. ഉച്ചയോടെ പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തിയ തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂറോളം ഇയാളെ ചോദ്യംചെയ്തു. പാങ്ങോട് സിഐ ജെ. ജിനേഷിനാണ് അന്വേഷണച്ചുമതല. മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് ഇയാളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.
വൈകുന്നേരം ജയിലിലേക്കു മാറ്റി. അനുജൻ, സുഹൃത്ത്, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ അഫാനെ നാളെ വീണ്ടും കസ്റ്റഡിയിലെടുക്കും. അനുജനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസ് വെഞ്ഞാറമൂട് സിഐ ആർ.പി. അനൂപ് കൃഷ്ണയാണ് അന്വേഷിക്കുക.
പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസ് കിളിമാനൂർ സിഐ ബി. ജയൻ അന്വേഷിക്കും. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാലിനാണു കേസുകളുടെ മേൽനോട്ടച്ചുമതല.