മണക്കാട് ശാസ്താവ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി
1531678
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: ഉത്സവ ലഹരിയിലമർന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. അവധി ദിനമായ ഇന്നലെ ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീ തമായിരുന്നു. അഞ്ചാം ഉത്സവദിവസമായ ഇന്നലെ ഉച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്നുള്ള ആചാരപരമായ എഴുന്നള്ളത്ത് നടന്നു.
ആറ്റുകാൽ ഭഗവതിയുടെ സഹോദരസ്ഥാനം വഹിക്കുന്ന മണക്കാട് ശാസ്താവിന്റെ എഴുന്നള്ളത്തിനെ ഭക്തരും ക്ഷേത്രസമിതിയും ആദരപൂർവം വരവേറ്റു. ഉച്ചയ്ക്ക് ക്ഷേത്രനട അടച്ച നേരത്താണ് എഴുന്നള്ളത്തിന്റെ ആചാരരീതി. ആനപ്പുറത്താണ് ശാസ്താവ് എഴുന്നള്ളിയത്.
അടഞ്ഞു കിടന്ന ആറ്റുകാലിനു മുന്നിൽ പ്രണാമമർപ്പിച്ച് ശാസ്താവ് പുറകുവശത്തു കൂടെ മടങ്ങി. കൊഞ്ചിറവിള തുടങ്ങിയ മറ്റു ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്തു നീണ്ടു. ഒപ്പം ഇന്നലെ ക്ഷേത്ര നടയിൽ ചലച്ചിത്ര താരം ജയറാം മേളപ്രമാണിയായെത്തിയ കലാകാന്മാരുടെ സംഘം അവതരിപ്പിച്ച പഞ്ചാരിമേളം ഉത്സവ നഗരിയെ ആവേശത്തിലാഴ്ത്തി.
നടൻ ജയറാമും 101 കലാകാരന്മാരും ചേർന്നാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്.