സംഗീതസംവിധായികയും ഗായികയുമായ ഡോ. രേഖാറാണി അന്തരിച്ചു
1531471
Monday, March 10, 2025 12:47 AM IST
തിരുവനന്തപുരം : മുക്കോല ചൂഴംപാല ടിസി 13 /1266-3 ശ്രീനഗർ റസിഡന്റ്സ് അസോസിയേഷൻ 6 എയിൽ ഡോ. രേഖാറാണി (53) അന്തരിച്ചു. രാഗഗംഗ, ഓംകാരം, തത്വമസി ഗ്രൂപ്പുകളുടെ ഡയറക്ടറും ആകാശവാണി, ദൂരദർശൻ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സംഗീത സംവിധായികയും പിന്നണി ഗായികയും സംഗീത അധ്യാപികയും ആയിരുന്നു.
നിരവധി ഭക്തിഗാനങ്ങൾ, ഓണപ്പാട്ടുകൾ, ലളിതഗാനങ്ങൾ എന്നിവയ്ക്ക് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്. ഭാരത് സേവക് സമാജ്, സത്യജിത് റേ ഫിലിം സൊസൈറ്റി എന്നിവയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്തെ 25-ാം വർഷത്തിൽ ഓംകാരം, തത്വമസി ഗ്രൂപ്പുകൾ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര നടൻ മധു ഉപഹാരം നൽകി ആദരിച്ചിരുന്നു.
ഭർത്താവ്: പ്രസാദ്കുമാർ (ബിസിനസ്). മകൾ: പാർവതി (സ്കൂൾ വിദ്യാർഥിനി). രതിറാണി (റിട്ട. ബിഎസ്എൻഎൽ), രാജീവ് രംഗൻ (നടൻ, സംവിധായകൻ), അമ്പിളി രംഗൻ (ചലച്ചിത്ര, സീരിയൽ സംവിധായകൻ) എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം വെള്ളിയാഴ്ച മുക്കോലക്കൽ ചൂഴമ്പാല റോഡിലെ "രാഗഗംഗ' വസതിയിൽ.