കുളത്തൂപ്പുഴ വനമേഖലയില്‍ കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍
1531304
Sunday, March 9, 2025 6:01 AM IST
അഞ്ചല്‍: കുളത്തൂപ്പുഴ വനമേഖലയിൽ രണ്ട് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളി, ശനി ദിവസങ്ങളിലായി പിടിയാനകളുടെ ജഡമാണ് ഉള്‍വനത്തില്‍ കണ്ടെത്തിയത്.
വനം വകുപ്പ് കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ശംഖിലി സെക്ഷനിലെ നീലിക്കരിക്കം, ശാസ്താംനട ഭാഗങ്ങളിലായാണ് 25 നും 30 നുമിടയില്‍ പ്രായംവരുന്ന ആനകളുടെ ജഡം കണ്ടെത്തിയത്.
ഒരാഴ്ചയിലധികം പഴക്കമുണ്ട്. വനപാലകരുടെയും വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചരിഞ്ഞ ആനകളെ ദഹിപ്പിച്ചു. ചതുപ്പ് പ്രദേശങ്ങള്‍ ആയതിനാല്‍ മറവ് ചെയ്യാനോ മറ്റ് ജീവികള്‍ക്ക് ഭക്ഷിക്കാനായി ഉപേക്ഷിക്കാനോ കഴിയില്ലന്നും അതിനാലാണ് ദഹിപ്പിക്കുന്നതെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.
ആനകളില്‍ കാണാറുള്ള സെഫ്റ്റിസീമിയ എന്ന രോഗം സംഭവിച്ചത് കൊണ്ടാകാം ചരിയാന്‍ ഇടയായതെന്ന് വനം വകുപ്പ് കരുതുന്നു. അതേസമയം കണ്ടെത്തിയ രണ്ട് ആനകളിലും വലിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആനകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉണ്ടായതാകാമെന്നും ഇതുമൂലം ആനകളുടെ ജീവന് നഷ്ടമായതാകാമെന്നും സംശയമുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണി പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ജല ദൗര്‍ലഭ്യം മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വനത്തില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്ന പ്രവര്‍ത്തികള്‍ തുടരുന്നതിനാല്‍ ആനകള്‍ക്ക് പകല്‍ സമയങ്ങളില്‍ നദി തീരങ്ങളില്‍ എത്താന്‍ കഴിയുന്നില്ലെന്നും കടുത്തചൂടില്‍ ആനകള്‍ ചരിയാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ ആരോപിച്ചു.