കട ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പ്രതി റിമാൻഡിൽ
1531302
Sunday, March 9, 2025 6:01 AM IST
നെടുമങ്ങാട് : ആര്യനാട് ചെമ്പകമംഗലം ക്ഷേത്ര കോമ്പൗണ്ടിൽ ഉത്സവ പറമ്പിൽ താത്കാലിക ഫാൻസി സ്റ്റാൾ നടത്തി വന്നിരുന്ന ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലയിൻകീഴ് മൂങ്ങോട്, കൂത്താകോട് മിനിഭവനിൽ ഹരികുമാറിനാണ് കുത്തേറ്റത്.
ഹരികുമാറിന്റെ സ്റ്റാളിൽ സഹായിയായി നിന്നിരുന്ന തിരുമല പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെ (48)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബൈജു കുഴപ്പക്കാരനാണെന്ന് ബൈജുവിന്റെ കാമുകിയോട് ഹരികുമാർ പറഞ്ഞു എന്നുള്ള ആരോപണത്തെ തുടർന്നു വാക്ക് തർക്കം ഉണ്ടാകുകയും കഴിഞ്ഞ ഏഴിന് സ്റ്റാളിനുള്ളിലേക്ക് കയറി വില്പനക്കായി വച്ചിരുന്നു മൂർച്ചയേറിയ കത്തി കൊണ്ട് ഹരികുമാറിന്റെ വയറിൽ മാരകമായി കുത്തി മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ ഹരികുമാറിനെ ആര്യനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹരികുമാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ അതീവഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്.
കുത്തിയശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ ആര്യനാട് പോലിസ് ഇൻസ്പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ ഷിബു ജോസ്,ആദിൽ അലി എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.