കണ്ണു തുറക്കാതെ കുറവന്‍കോണത്തെ സിഗ്നല്‍ലൈറ്റ്
1531301
Sunday, March 9, 2025 5:58 AM IST
പേരൂര്‍ക്കട: കുറവന്‍കോണത്തെ സിഗ്നല്‍ സംവിധാനം അവതാളത്തിലായതോടെ ഗതാഗതക്കു രുക്കിലായി ജംഗ്ഷനും പരിസരവും. 2018 പിന്നിട്ട വേളയിലാണ് ഇവിടെ ഒരു സിഗ്നല്‍ സംവിധാനം നിലവില്‍ വരുന്നത്. പട്ടത്തേക്കും കവടിയാറിലേക്കും കുറവന്കോണത്തേക്കും വൈ.എം.ആറിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുന്നതിനുവേണ്ടി 4 ട്രാഫിക് സിഗ്നല്പോയിന്റുകളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്.
എന്നാല്‍ ഇത് നിലവില്‍വന്ന് രണ്ടു മാസത്തിനകം ഇവയുടെ പ്രവര്‍ത്തനം നിലച്ചു. സിഗ്നല്‍ സംവിധാനത്തിലൂടെ ഗതാഗതനിയന്ത്രണം സാധ്യമല്ലെന്ന അധികാരികളുടെ കണ്ടെത്തലായിരുന്നു ഇതിനു കാരണം. എന്നാല്‍ സിഗ്നല്‍ സംവിധാനം നിലച്ചതോടെ ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായി. നിലവില്‍ ട്രാഫിക് പോലീസാണ് ഗതാഗതം നിയന്ത്രിച്ചുവരുന്നത്.
നിരവധി കച്ചവട സ്ഥാപനങ്ങള്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ആള്‍ത്തിരക്കും വാഹനപാര്‍ക്കിംഗ് പ്രശ്നവും മൂലം തിരക്കൊഴിഞ്ഞ നേരവുമില്ല. ഞായറാഴ്ച ദിനങ്ങളില്‍പ്പോലും നിനച്ചിരിക്കാതെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്.
വൈ.എം.ആറില്‍ നിന്ന് കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍കാത്തു കിടക്കാനുള്ള സംവിധാനം ഇവിടെയില്ല. . കുറവന്‍കോണം ജംഗ്ഷനില്‍ നിന്ന് നന്ദന്കോട്ടേക്ക് പോകുന്ന ഭാഗത്തെ ഒരു സബ് സിഗ്നല്‍ലൈറ്റ് തുരുമ്പെടുത്ത് എപ്പോള്‍ വേണമെങ്കിലും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. ഓണ്‍ലൈന്‍ ഡലിവറി ബോയ്സ് വാഹനംനിര്‍ത്തി വിശ്രമിക്കുന്നത് ഇതിനു ചുവട്ടിലാണ്. വാഹനപാര്‍ക്കിംഗും ഇവിടെത്തന്നെയാണ്.
കേടായ ലൈറ്റ് മാറ്റുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുമില്ല. കുറവന്‍കോണം വളരെ തിരക്കുള്ള സ്ഥല മായതിനാൽ കൃത്യമായ ഒരു ട്രാഫിക് സംവിധാനം കൊണ്ടുവരണമെന്നതാണ് ആവശ്യം.