യാർഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് വനിതകൾ
1531300
Sunday, March 9, 2025 5:58 AM IST
വിഴിഞ്ഞം: സ്ത്രീശാക്തീകരണത്തിന് മാതൃകയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും. ഇന്ത്യയിൽ ആദ്യമായി വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.
തുറമുഖ യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. അതീവ വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് വിഴിഞ്ഞം സ്വദേശികളായ ഏഴുപേർ ഉൾപ്പെട്ട ഒന്പത് വനിതകളടക്കമുള്ളവർ ഏറ്റെടുത്തിരിക്കുന്നതെന്ന് അദാനി പോർട്ട് അധികൃതർ പറഞ്ഞു .
വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു, എസ്. അനിഷ ,എൽ. സുനിത രാജ്, ഡി.ആർ.സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞത്തിന് അഭിമാനമായ ക്രെയിൻ ഓപ്പറേറ്റർമാർ.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരടക്കമുള്ള വനിതകളിൽ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമുണ്ട്. വിഴിഞ്ഞം തുറമുഖത്ത് അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് വനിത ക്രെയിൻ ഓപ്പറേറ്റർമാർ ജോലിയിൽ പ്രവേശിച്ചത്.