സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കും: മന്ത്രി പി. പ്രസാദ്
1514419
Saturday, February 15, 2025 6:08 AM IST
തിരുവനന്തപുരം: 30 കോടിയിലധികം രൂപ ധനസഹായം നൽകി സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ മികച്ച വരുമാന മാർഗമായി സ്വീകരിക്കാവുന്ന മേഖലയാണ് കൂൺ കൃഷി.
പ്രോട്ടീൻ കലവറയായ കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരേ പ്രതിരോധം തീർക്കാൻ സഹായിക്കും. അതിനാലാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റീജണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂൺ കർഷകരും അടങ്ങുന്ന ഒരു സംഘം ഈ വർഷം തന്നെ ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ ഒരു പരിശീലന പരിപാടിക്കായി സജ്ജമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.