നടാനും പരിപാലിക്കാനും ആളില്ല; സിവില്‍സ്റ്റേഷനിലെ തൈകള്‍ നശിക്കുന്നു
1514418
Saturday, February 15, 2025 6:08 AM IST
പേരൂര്‍ക്കട: നടാനും പരിപാലിക്കാനും ആരുമില്ലാതായതോടെ കുടപ്പനക്കുന്ന് സിവില്സ്റ്റേഷന് വളപ്പ് അലങ്കരിക്കുന്നതിനുവേണ്ടി വാങ്ങിയ ചെടികൾ നശിക്കുന്നു. പാര്‍ക്കിനു പിറകിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് തൈകള്‍ . പ്രധാന കവാടത്തില്‍ നിന്നു 400 മീറ്ററോളം നീളുന്ന ടാറിട്ട റോഡിന്റെ ഒരുവശം അലങ്കരിക്കുന്നതിനുവേണ്ടിയാണ് ഒരുവര്‍ഷം മുമ്പ് പ്ലാസ്റ്റിക് കവറുകളിലാക്കിയ തൈകള്‍ ഇവിടെ എത്തിച്ചത്.
കുറേ തൈകള്‍ നട്ടു. ബാക്കിവന്നവ പാര്‍ക്കിനു പിറകില്‍ വാട്ടര്‍ടാങ്കിനു സമീപം കൊണ്ടിടുകയും ചെയ്തു. 500-ഓളം വരുന്ന വിവിധ സസ്യങ്ങളുടെ തൈകളാണ് ഇവ.
നിരത്തിവച്ചിരിക്കുന്ന തൈകള്‍ ഉണങ്ങിനില്ക്കുന്നതു കാണുമ്പോള്‍ സിവില്സ്റ്റേഷന് ജീവനക്കാരില്‍ ചിലര്‍ വെള്ളമൊഴിക്കുന്നതുകൊണ്ടാണ് ഇപ്പോഴും തൈകള്‍ പൂര്‍ണ്ണമായി നശിച്ചുപോകാതെ നിലനില്‍ക്കുന്നത്. വലിയ മരങ്ങളാകേണ്ടുന്ന തൈകളാണ് ചെറിയ കവറുകളില്‍ ഇപ്പോഴും മുരടിച്ചു നില്‍ക്കുന്നത്.