അന്വേഷണസംഘം രൂപീകരിച്ചു
1514124
Friday, February 14, 2025 5:26 AM IST
തിരുവനന്തപുരം: തന്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുന്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണിമുഴക്കിയാളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പോലീസ്. തന്പാനൂർ പോലീസ് സ്റ്റേഷനിലെ മൂന്നംഗസംഘം പ്രതിയെ പിടികൂടാൻ സെക്കന്തരാബാദിലേക്ക് തിരിച്ചു. വ്യാജഭീഷണി മുഴക്കിയ ആളുടെ ഏകദേശ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് പോലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തിയത്. 32 മണിക്കൂറിനകം തന്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുന്പാശേരി വിമാത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
സൈബർ സെല്ലിന്റെ പരിശോധനയിൽ തെലങ്കാനയിൽ നിന്നാണ് സന്ദേശമെത്തിയതെന്നു കണ്ടെത്തി. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡും റെയിൽവേ പോലീസും സംയുക്ത പരിശോധന നടത്തിയിരുന്നു.