കമുകിന്‍കോട് പള്ളിയിലെ തിരുനാളിനു 18ന് കൊടിയേറും
1514115
Friday, February 14, 2025 5:23 AM IST
തിരുവനന്തപുരം: തെക്കിന്റെ കൊച്ചുപാദുവ എന്ന പേരില്‍ പ്രസിദ്ധമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് കത്തോലിക്കാ തീര്‍ഥാടന ദേവാലയത്തിലെ തിരുനാളിന് 18ന് കൊടിയേറുമെന്നു ഇടവക വികാരി ഫാ. സജി തോമസ് അറിയിച്ചു.
കൊച്ചുപള്ളിയില്‍ നടക്കുന്ന തിരുനാള്‍ പ്രാരംഭ ദിവ്യബലിയില്‍ മുന്‍ വികാരി ഫാ. ജി. ക്രിസ്തുദാസ് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തിനു കിരീടം ചാര്‍ത്തും. തിരുനാള്‍ സൗഹൃദസന്ധ്യ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകുന്ന യോഗത്തില്‍ എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, ചാണ്ടി ഉമ്മന്‍, ഗുരുരത്നം ജ്ഞാനതപസ്വി,
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തിരുനാളിനോടനുബന്ധിച്ച് ഈ മാസം 19 മുതല്‍ 22 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനം ഫാ. ജോസ് തോമസ് അഴീക്കകത്ത് നയിക്കും. തിരുനാളാഘോഷത്തോടനുബന്ധിച്ച് 22നു രക്തദാന നേര്‍ച്ചയും 23നു പ്രവാസി സംഗമവും 25നു തീര്‍ഥാടന സമ്മേളനവും സംഘടിപ്പിക്കും.
തീര്‍ഥാടന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആര്. കേളു അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ ഡോ. ശശി തരൂര്‍ എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, എ. വിന്‍സന്റ്, ജി. സ്റ്റീഫന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ച്ച് രണ്ടിനു തിരുനാള്‍ ആഘോഷത്തിനു കൊടിയിറങ്ങും.
കമുകിന്‍കോട് വിശുദ്ധ അന്തോണീസ് കത്തോലിക്കാ തീര്‍ഥാടന ദേവാലയം സെക്രട്ടറി അനില്‍ ജോസ്, കോ-ഓര്‍ഡിനേറ്റര്‍ സതീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.