ശാന്തിയിടം വാതകശ്മശാനം നിര്‍മാണത്തിനു തുടക്കമായി
1514114
Friday, February 14, 2025 5:23 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ മലഞ്ചാണിയില്‍ നിര്‍മിക്കുന്ന ശാന്തിയിടം വാതക ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ അടുത്ത മാസം 31ന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നു നഗരസഭ ചെയര്മാന് ദീപികയോട് പറഞ്ഞു.
മലഞ്ചാണി മലയുടെ മുകളില്‍ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് നഗരസഭയുടെ സ്വപ്നപദ്ധതിയായ വാതക ശ്മശാനം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകളില്‍ പോലും പൊതുശ്മശാനം നിലവില്‍ വന്നിട്ടും വര്‍ഷങ്ങളായി നെയ്യാറ്റിന്‍കര നഗരസഭാനിവാസികള് ആവശ്യപ്പെടുന്ന ഈ പദ്ധതി പല കാരണങ്ങളാല്‍ തടസപ്പെടുകയായിരുന്നു. ഉചിതമായ ഇടം എന്നതായിരുന്നു നഗരസഭയുടെ പ്രധാന വെല്ലുവിളി.
നേരത്തെ പല സ്ഥലങ്ങളും കണ്ടെത്തിയെങ്കിലും പ്രതിഷേധങ്ങള്‍ വിലങ്ങുതടിയായി. പി.കെ. രാജമോഹനന് നയിക്കുന്ന ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണസമിതിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് പൊതുശ്മശാനമായിരുന്നു.
നഗരസഭ ചെയര്മാന് മുന്‍കൈയെടുത്താണു മലഞ്ചാണിയില്‍ സ്ഥലം കണ്ടെത്തിയതും വാതക ശ്മശാനം നിര്‍മിക്കാന്‍ തീരുമാനിച്ചതും. മലയുടെ മുകളിലാണ് ശ്മശാനം വരുന്നതെന്നറിഞ്ഞിട്ടും തുടക്കത്തില്‍ ചില പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. ഇച്ഛാശക്തിയോടെ നഗരസഭ ചെയര്മാന് നിലപാടിലുറച്ചു നിന്നതിന്റെ ഫലമായാണ് ഇപ്പോള്‍ വാതക ശ്മശാനത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാനായത്.
പ്രധാന കെട്ടിടത്തിനായുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. ഈ സാന്പത്തിക വര്‍ഷത്തില്‍ തന്നെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനാവും വിധമാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. 99 ലക്ഷം രൂപ നിര്‍മാണ ചെലവിനും 45 ലക്ഷം രൂപ ശ്മശാനത്തിനുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനും വിനിയോഗിക്കും.