മാറനല്ലൂരിലെ വൈദ്യുതി ബോർഡ് ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിൽ
1514113
Friday, February 14, 2025 5:23 AM IST
കെട്ടിടം നിർമിക്കാൻ സ്ഥലം കിട്ടിയിട്ടും നൂലാമാലകൾ...!
കാട്ടാക്കട : കെട്ടിടം നിർമിക്കാൻ സ്ഥലം കിട്ടി; പക്ഷേ, നൂലാമലകൾ പിന്നാലെ..! മാറനല്ലൂരിലെ വൈദ്യുതി ബോർഡ് ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ. മാറനല്ലൂരിൽ ഓഫീസ് കെട്ടിടം നിർമിക്കാൻ കെഎസ്ഇബിക്ക് പഞ്ചായത്ത് സ്ഥലം അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടാവാത്തതിനാൽ കെട്ടിടം യാഥാർഥ്യമാവുന്നില്ല.
മാറനല്ലൂരിൽ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ച് ഇതുവരെ 20 തവണകളിലധികം പലയിടങ്ങളിലായി വാടകക്കെട്ടിടം മാറി. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിട്ടും ഫലം കാണാത്തതിനാൽ കെട്ടിട ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇടയ് ക്കിടെ ഓഫീസ് മാറുന്നത് ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടാവുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ഓഫീസ് നിർമിക്കാനായി കെഎസ്ഇബിക്ക് പോലീസ് സ്റ്റേഷനു സമീപം സ്ഥലം വിട്ടുനൽകിയത്. നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇതുമായി ബന്ധപ്പെട്ടു താലൂക്ക് അധികൃതരെ കൊണ്ടുവന്നു സ്ഥലം അളന്നുതിട്ടപ്പെടുത്തി. പക്ഷേ, മറ്റു നടപടികളൊന്നും ഇതുവരെയായിട്ടില്ല. കെഎസ്ഇബി അധികൃതർ പലതവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും താലൂക്കിൽനിന്നു രേഖകൾ ശരിയായില്ലെന്ന മറുപടിയാണ് നൽകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പഞ്ചായത്താകട്ടെ ഇക്കാര്യത്തിൽ തുടർനടപടികളും എടുക്കുന്നില്ല. സ്ഥലം ലഭ്യമായലേ കെട്ടിടം ഉൾപ്പടെ നിർമിക്കാൻ ഫണ്ടുകൾ ലഭിക്കൂ. അതിനാൽ തന്നെ കെട്ടിടം ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിൽ സ്ഥലക്കുറവു കാരണം ജീവനക്കാർ ഓഫീസ് വിട്ടുപോകുന്നതിനാണ് താത്പര്യം കാണിക്കുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ പാതയോരത്താണിപ്പോൾ കൂട്ടിയിട്ടിരിക്കുന്നത്.
ദിവസേനയെത്തുന്ന ഉപഭോ ക്താക്കൾക്ക് ബില്ലടയ്ക്കുന്നതിനുപോലും വരിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഓഫീസിന്റെ പ്രവർത്തനത്തിനാവശ്യമായ മറ്റു സാധനസാമഗ്രികളും പാതയോരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതുമൂലം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.