ഒഎൻവി സർവാശ്ലേഷിയായ കവി: അടൂർ ഗോപാലകൃഷ്ണൻ
1514111
Friday, February 14, 2025 5:13 AM IST
തിരുവനന്തപുരം: അവഗണിക്കപ്പെടുന്നവരും പതിതരുമായ ജനസമൂഹത്തെ ഹൃദയത്തിൽ ചേർത്തുവച്ച ഒഎൻവി തന്നെയാണ് സൂര്യനെക്കുറിച്ചും പ്രപഞ്ചത്തക്കുറിച്ചും പാടിയതെന്ന് അടൂർ ഗോപാലകൃഷ്ണൻ. സൂക്ഷ്മവും മാനുഷികവുമായ വിഷയങ്ങൾക്കൊപ്പം അനന്തതയെയും ആശ്ലേഷിക്കുവാൻ ഒഎൻവി എന്ന കവിക്കു കഴിഞ്ഞുവെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഒഎൻവി സ്മൃതി 2025ന്റെ ഭാഗമായി സംഘടിപ്പിച്ച ഒഎൻവി സ്മൃതി സന്ധ്യയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അടൂർ. ഒഎൻവി വിടവാങ്ങിയതിന്റെ ഒന്പതാം വാർഷികത്തോടനുബന്ധിച്ചു ഗവണ്മെന്റ് വിമൻസ് കോളജ് അങ്കണത്തിലായിരുന്നു സ്മൃതിസന്ധ്യ. കവിയായി ജന്മംകൊണ്ട് ഒഎൻവി മരണം വരെ കവിയായി തുടർന്നുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഒഎൻവിയുമായുള്ള ആത്മബന്ധം ആമുഖ പ്രസംഗത്തിൽ കവി പ്രഭാവർമ പങ്കുവച്ചു. ഒഎൻവിയുടെ സ്നേഹ വാത്സല്യം ഏറെ അനുഭവിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഒഎൻവിക്കു കവിതയോടുള്ള സ്നേഹമാണ് തന്നിലേക്കും ഒഴുകി എത്തിയത് എന്നും പ്രഭാവർമ പറഞ്ഞു.
ശ്യാമമാധവം എന്ന കാവ്യാഖ്യായിക ഉൾപ്പെടെയുള്ള തന്റെ രചനകൾക്കു ഒഎൻവിയാണ് അവതാരിക എഴുതിയത്. ഒഎൻവിയുടെ മാണിക്യവീണ, സൂര്യന്റെ മരണം എന്നീ സമാഹാരങ്ങൾക്കു അവതാരിക എഴുതുവാൻ ഒഎൻവി തന്നെ തെരഞ്ഞെടുത്തതു വലിയ സുകൃതമായി അനുഭവപ്പെടുന്നു എന്നും പ്രഭാവർമ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഒഎൻവി കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയായ ഓഡ് ടു ഓർഫിയസ് എന്ന പുസ്തകത്തിന്റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രഭാവർമ പുസ്തകം ഏറ്റുവാങ്ങി. ഇംഗ്ലീഷ് പരിഭാഷ നടത്തിയ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ പുസ്തകപരിചയം നടത്തി. കവി എന്ന നിലയിൽ ഒടുക്കിയാൽ ഒടുങ്ങാത്ത ഋണബാധ്യത ഒഎൻവി എന്ന വലിയ കവിയോടു തനിക്കുണ്ടന്നു കെ. ജയകുമാർ പറഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ മധു ഓണ്ലൈനിൽ ഒഎൻവിയുമായുള്ള സ്നേഹബന്ധം പങ്കിട്ടതോടെയാണ് അനുസ്മരണ പ്രഭാഷണങ്ങൾ ആരംഭിച്ചത്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ ഒഎൻവി എംഎയ്ക്കു പഠിക്കുന്ന കാലത്തു താൻ ബിരുദ വിദ്യാർഥിയായിരുന്ന അനുഭവങ്ങൾ മധു കൈമാറി. താൻ സംവിധാനം നിർവഹിച്ച ധീരസമീരേ യമുനാ തീരേ തുടങ്ങിയ സിനിമകൾക്കുവേണ്ടി ഒഎൻവി ഗാനരചന നടത്തിയിട്ടുണ്ട്. മാണിക്യ വീണയുമായെൻ... തുടങ്ങി ഒഎൻവി എഴുതിയ പല അനശ്വര ഗാനങ്ങളും താൻ പാടി അഭിനയിച്ച കാര്യവും മധു ഓർമിച്ചു. വേദിയിലെ സ്ക്രീനിൽ അപ്പോൾ മധു പാടി അഭിനയിക്കുന്ന സിനിമാരംഗം തെളിഞ്ഞതും വേറിട്ട അനുഭവമായി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, ആർകിടെക്ട് ശങ്കർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ജി. രാജ്മോഹൻ സ്വാഗതവും, ഒഎൻവിയുടെ മകൻ രാജീവ് ഒഎൻവി നന്ദിയും പറഞ്ഞു. പ്രഫ. ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളും ഗായികയുമായ അപർണ രാജീവിന്റെ സ്മൃതിഗീതത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഒഎൻവി ഗായകവൃന്ദമായ സൂര്യഗാഥയും എംബിഎസ് യൂത്ത് ക്വയറും ചേർന്ന് ഒഎൻവി കവിതകളുടെയും ഗാനങ്ങളുടെയും ദൃശ്യ-സംഗീതാവിഷ്കരണം നടത്തി.
ഒഎൻവിയുടെ മകനും ഗായകനുമായ രാജീവ് ഒഎൻവിയാണ് ഒഎൻവി കവിതകൾക്കു സംഗീതം പകർന്നത്.
തുടർന്ന് ഒഎൻവിയുടെ മാധവി എന്ന കാവ്യാഖ്യായിക കൊച്ചുമകൾ അമൃത ജയകൃഷ്ണൻ ആവിഷ്കരിച്ചു. രാവിലെ നടന്ന ഒഎൻവിയുടെ കാവ്യലോകം എന്ന സെമിനാറിൽ ഡോ. പി. സോമൻ, ഡോ. ബെറ്റിമോൾ മാത്യു, ഡോ. ടി.കെ. സന്തോഷ്കുമാർ, ഡോ. വി. ലാലു എന്നിവർ പങ്കെടുത്തു.