കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ യുവജന പാര്‍ലമെന്റ് നടത്തി
1514109
Friday, February 14, 2025 5:13 AM IST
വെള്ളറട: നാഷണല്‍ യൂത്ത് പാര്‍ലമെന്റ് സ്കീമിന്റെ ഭാഗമായി ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ഇന്നലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ടി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി സ്വാഗതം പറഞ്ഞു. യുവജനങ്ങളില്‍ രാഷ്ട്രബോധം വളര്‍ത്തുന്നതിനുവേണ്ടി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പാര്‍ലമെന്റിന്റെ ചെറുരൂപം ഏറെ ശ്രദ്ധേയമായി.
രാജ്യത്തിന്റെ വിവിധ പ്രശ്നങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്യുകയും, ഭരണപക്ഷ മന്ത്രിമാര്‍ അതിന് മറുപടി പറയുകയും ചെയ്തു. പതിനൊന്നാം ക്ലാസിലെ അരോമല്‍ സ്പീക്കറായും, ഒമ്പതാം ക്ലാസിലെ അദ്വൈത് പ്രധാനമന്ത്രിയായും, ഒമ്പതാം ക്ലാസിലെ അശ്വനി പ്രതിപക്ഷ നേതാവായും തിളങ്ങി. സഭാ നടപടികള്‍ അരോമല്‍ നിയന്ത്രിച്ചു. ഒമ്പതു മുതല്‍ പതിനൊന്നു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരുമായി.
സ്കൂള്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ മേല്‍നോട്ടത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചത്.