ഹോംസ്റ്റേ അടിച്ചുപൊളിച്ചശേഷം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മർദിച്ചു :സീനിയര്‍ നിയമ വിദ്യാര്ഥികള്ക്കെതിരേ കേസ്
1514105
Friday, February 14, 2025 5:13 AM IST
പാറശാല: പാറശാല സിഎസ്ഐ ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദിച്ചത്.
അഭിറാം താമസിക്കുന്ന കോളജിനു സമീപത്തെ ഹോം സ്റ്റേയില്‍ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയായിരുന്നു നാലംഗ സംഘത്തിന്റെ മര്‍ദനം. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ബിനോ, വിജിന്, ശ്രീജിത്ത്, അഖില്‍ എന്നിവര്‍ക്കെതിരെ പാറശാല പോലീസ് കേസെടുത്തു. ബിനോ മര്‍ദിച്ചതായി അഭിറാമിന്റെ സുഹൃത്ത് പോലീസിനു പരാതി നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകാൻ ബിനോയെ പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മർദിച്ചത്. നാലംഗ സംഘമാണ് മര്‍ദിച്ചതെന്ന് അഭിറാം പോലീസിൽ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പാറശാല പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്.
നെടുമങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിറാം. അഭിറാമിന്റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്. മര്‍ദനത്തില്‍ അഭിറാമിന്റെ പല്ല് ഉള്‍പ്പെടെ പൊട്ടി.