തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല.
ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്.
അതേസമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു. ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മന്ത്രി പറയുന്ന കാര്യങ്ങള്‍ ആനമണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
Tags : Veena George VD Satheesan