ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും പ്രതിഭ പറഞ്ഞു.
കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു പ്രതിഭ. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു.
ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും പ്രതിഭ പറഞ്ഞു.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും പ്രതിഭ പറഞ്ഞു.
Tags : inauguration film stars U. Pratibha