കൊച്ചി: കുവൈറ്റില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ് ലാമ കൊച്ചിയിലെത്തിയെന്നു വ്യക്തമാക്കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു ഹൈക്കോടതി.
ബംഗളൂരുവില്‍ താമസിക്കുന്ന 59കാരനായ സൂരജ് ലാമ ഈ മാസം അഞ്ചിനു പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
എമര്‍ജന്‍സി പാസ്പോര്‍ട്ടിലാണ് സൂരജിനെ നെടുമ്പാശേരിയില്‍ എത്തിച്ചതെന്നും കേന്ദ്രം അറിയിച്ചു. കുവൈറ്റ് വിഷമദ്യദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയിലാണു ലാമ കൊച്ചിയിലിറങ്ങിയത്. മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
ബന്ധുക്കളെ വിവരമറിയിക്കാതെ അഞ്ചിന് കുവൈറ്റില്‍നിന്ന് സൂരജ് ലാമയെ കൊച്ചിയിലേക്കു നാടു കടത്തിയെന്നും തുടര്‍ന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
Tags : Suraj Lama Court orders