തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസ് എന്ന നിലയിലാണ്.
ഗംഭീര തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് പിഴുത എം.ഡി.നിധീഷ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കി. പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് നേടിയത്.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണിയും (പൂജ്യം), നാലാം ഓവറിൽ ക്യാപ്റ്റൻ അൻകിത് ബാവ്നെയും (പൂജ്യം) പുറത്തായതോടെ മഹാരാഷ്ട്രയുടെ സ്കോർ അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. സ്കോർ 18-ൽ നിൽക്കേ 12 റൺസ് നേടിയ സൗരഭ് നവാലെ കൂടി വീണതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി.
എന്നാൽ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്വാദും ജലജ് സക്സേനയും ഒത്തുചേർന്നതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. 91 റൺസ് നേടിയ ഋതുരാജിനെയും 49 റൺസ് നേടിയ സക്സേനയെയും മടക്കി മത്സരം കേരളം വീണ്ടും വരുതിയിലാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു.
കളിനിർത്തുമ്പോൾ രാമകൃഷ്ണ ഗോഷ് (11), വിക്കി ഒസ്വാൾ (10) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി എം.ഡി. നിധീഷ് നാലും എൻ. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Tags : Ranji Trophy Cricket KCA