കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ഡോക്ടർമാർ പറഞ്ഞിരുന്നതുപോലെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്നും ചികിത്സാ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ആരോപിച്ചായിരുന്നു പിതാവ് സനൂപ് ഡോക്ടറായ വിപിനു നേർക്ക് ആക്രമണം നടത്തിയത്.
ഓഗസ്റ്റ് 14-നാണ് ഒൻപത് വയസുകാരി മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നായിരുന്നു ആശുപത്രിയുടെ വാദം.
എന്നാൽ താമരശേരി താലൂക്ക് ആശുപത്രിയിൽ മകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നും സനൂപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഒക്ടോബർ എട്ടിന് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്.
Tags : amoebic encephalitis Postmortem