തൃശൂർ: മുത്രത്തിക്കരയിൽ അച്ഛനെ വെട്ടിയശേഷം വീടിനുമുകളിൽ ഒളിച്ചിരുന്ന മകൻ അഞ്ചുമണിക്കൂർ നാട്ടുകാരെ മുൾമുനയിൽ നിർത്തിയശേഷം പോലീസിൽ കീഴടങ്ങി. മുത്രത്തിക്കര ശിവക്ഷേത്രത്തിനുസമീപം വാടകയ്ക്കു താമസിക്കുന്ന മേക്കാടൻ ശിവനെ(68)യാണ് മകൻ വിഷ്ണു വെട്ടിയത്. കഴുത്തിനു വെട്ടേറ്റ ശിവനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. 40 ദിവസത്തോളമായി വിഷ്ണു വീട്ടിൽ തനിച്ചായിരുന്നു. മകളുടെ വീട്ടിലായിരുന്ന ശിവൻ ലൈഫ് പദ്ധതിക്കു പഞ്ചായത്തിൽ സമർപ്പിക്കാൻ വീടിനുള്ളിൽനിന്ന് രേഖകൾ എടുക്കാൻ എത്തിയതായിരുന്നു.
ഭാര്യ ലതികയും ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇവരെ വീടിനുള്ളിലേക്കു കടക്കാൻ അനുവദിക്കാതിരുന്ന വിഷ്ണു, രേഖകൾ കിണറ്റിലിട്ടതായി പറഞ്ഞു. വീട്ടുകാർ നോക്കിയപ്പോൾ വസ്ത്രങ്ങളും രേഖകളും കിണറ്റിൽ കിടക്കുന്നതു കണ്ടു.
പ്രകോപിതനായ ശിവൻ ദേഷ്യപ്പെട്ട് വിഷ്ണുവുമായി വഴക്കും വാക്കേറ്റവുമുണ്ടായി. തുടർന്നു കൈയിലുണ്ടായിരുന്ന കൊടുവാളുകൊണ്ട് വിഷ്ണു ശിവനെ വെട്ടുകയായിരുന്നു. നാലുതവണ വെട്ടിയ ശേഷം വിഷ്ണു അമ്മയെ വെട്ടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു. ഇയാൾതന്നെയാണ് പോലീസിനെയും ആംബുലൻസും വിളിച്ചുവരുത്തിയത്.
തുടർന്ന് വിഷ്ണു കത്തിയുമായി വീടിന്റെ മച്ചിൽ കയറിയിരുന്നു. മച്ചിലേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടും വിഷ്ണു എങ്ങനെ പ്രതികരിക്കും എന്നു ധാരണയില്ലാത്തതുംമൂലം പോലീസ് തിടുക്കപ്പെട്ട് നടപടികൾക്ക് ഒരുങ്ങിയില്ല.
ഓടുപൊളിച്ചു മച്ചിനുള്ളിലേക്കു കടക്കാൻ പോലീസ് തുനിഞ്ഞപ്പോഴെല്ലാം, കടക്കുന്നവനെ കൊല്ലുമെന്നും ആത്മഹത്യചെയ്യുമെന്നും വിഷ്ണു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. രണ്ടു കത്തികൾ കൈയിൽ കരുതിയിരുന്ന വിഷ്ണുവിനെ പ്രകോപിപ്പിക്കാൻ അതോടെ പോലീസും തയാറായില്ല.
ഏറെനേരം അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതോടെ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ തട്ടിന്റെ നാലു ജനലുകൾ പൊളിച്ച പോലീസ് അകത്തുകടക്കാൻ ഒരുങ്ങുന്നതിനിടെ മച്ചിന്റെ വാതിൽവഴി വിഷ്ണു ഓടിനു മുകളിലേക്കു ചാടി. പിന്നെയും ഇയാളെ അനുനയിപ്പിക്കാൻ പോലീസും നാട്ടുകാരും ശ്രമം തുടർന്നു. വൈകീട്ട് അഞ്ചരയോടെ വിഷ്ണു പോലീസിന്റെ സമ്മർദത്തിനു വഴങ്ങി താഴെയിറങ്ങി.
ആയോധനകലകളിൽ വിദഗ്ധനായ വിഷ്ണു വീടിനകത്ത് ആഭിചാരക്രിയകളും ചെയ്തുവന്നിരുന്നു. പൂജാകർമങ്ങൾ നടന്നിരുന്ന മുറിക്കകത്ത് കോഴി, മദ്യം എന്നിവയും വിവിധതരം ആയുധങ്ങളും പോലീസ് കണ്ടെത്തി.
മാതാപിതാക്കളെ വീട്ടിലേക്കു കടക്കാൻ അനുവദിക്കാതിരുന്ന വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്ക്കു താമസിച്ച് ആഭിചാരക്രിയകൾ നടത്തിവരികയായിരുന്നുവെന്നു പറയുന്നു.
Tags : police case