തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. കോടതിയോടും നിയമസഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. പ്രതിപക്ഷത്തിന് കൊതിക്കെറുവാണ്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്റെ അതൃപ്തിയാണെന്നും മന്ത്രി പരിഹസിച്ചു.
മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Tags : Kerala Assembly VD Satheesan MB Rajesh