പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും.
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ 4.35 മണിക്കൂർ എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽനിന്ന് വൈകുന്നേരം 6.10ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.45നാണ് മംഗളൂരുവിൽ എത്തുന്നത്. കാർവാർ, ഉഡുപ്പി എന്നീ രണ്ട് സ്റ്റോപ്പുകൾ. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്.
Tags : Vande Bharat train Kerala Railway