District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Kerala
കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽപ്പെട്ട പുന്നപ്പുഴയിൽ ഇന്നലെ പുലർച്ചെ മുതൽ പ്രകടമായ, കലങ്ങിയ കുത്തൊഴുക്ക് പുഞ്ചിരമട്ടത്തിനു സമീപം വനത്തിൽ ഉരുൾപൊട്ടിയെന്ന സംശയത്തിനിടയാക്കിയത് ജനങ്ങളിൽ പരിഭ്രാന്തിപരത്തി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ മഹാദുരന്തം വിതച്ച 2024 ജൂലൈ 30ലെ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണ് പുഞ്ചിരിമട്ടം. മുന്‍പ് ഉരുൾപൊട്ടിയ മേഖലയിൽ തകർത്തുപെയ്ത മഴയും കരകളിലെ മണ്ണ് ഇളകി വെള്ളത്തിൽ കലർന്നതുമാണ് കുത്തൊഴുക്കിനു കാരണമായതെന്ന് ഡിഡിഎംഎ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക അകന്നത്. മുന്‍പത്തെ ഉരുൾദുരന്ത അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിലൂടെ ഒഴുകിയത്. ഉരുൾപൊട്ടിയതിനെത്തുടർന്ന് മാറിയ പുന്നപ്പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കുന്നതിനു പ്രവൃത്തി നടന്നുവരികയാണ്. ഇതിനിടെയാണു പുഴയിൽ അതിശക്തമായ കുത്തൊഴുക്കുണ്ടായത്. കല്ലുകൾ ഉരുണ്ടുനീങ്ങുന്നതും മരക്കഷണങ്ങൾ ഒഴുകുന്നതും പുഴയിൽ കാണാനായി. ഇതാണ് പുഞ്ചിരിമട്ടം വനത്തിൽ ഉരുൾപൊട്ടലോ ശക്തമായ മണ്ണിടിച്ചിലോ സംഭവിച്ചുവെന്ന സംശയത്തിന് ഇടയാക്കിയത്.
പുഴ നവീകരണത്തിന് ഇരുകരകളിലും കൂട്ടിയിട്ട മണ്ണ് ഒലിച്ചുപോയതുമൂലം ചൂരൽമലയ്ക്കു സമീപം വില്ലേജ്, അട്ടമല റോഡുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണു പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങളിൽ പെയ്തത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പ്രദേശത്ത് ശരാശരി 68ഉം രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ് വരെ ശരാശരി 80ഉം മി.മീ മഴ പെയ്തതായി കൽപ്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
മുണ്ടക്കൈ, വനറാണി, റാണിമല ഭാഗങ്ങളിൽ രാവിലെ ജോലിക്കു പോയ നൂറിലേറെ തൊഴിലാളികളിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി താമസസ്ഥലത്ത് തിരിച്ചെത്തിച്ചു. പുഞ്ചിരിമട്ടം ഉരുൾദുരന്ത മേഖലയിലെ ‘നോ ഗോ സോണി’ൽ പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം നാട്ടുകാർക്കു നിർദേശം നൽകി.
പുന്നപ്പുഴയിലെ കുത്തൊഴുക്കിനെത്തുടർന്ന് പ്രദേശവാസികളടക്കം നിരവധിയാളുകളാണ് ചൂരൽമലയിലെ ബെയ്ലി പാലത്തിനു സമീപം തടിച്ചുകൂടിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായി. പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ ചിലർക്ക് ഉപജീവനബത്ത കിട്ടാത്ത പ്രശ്നവും ഇതിനിടെ ഉയർന്നു. ബെയ്ലി പാലത്തിനു സമീപം പോലീസും നാട്ടുകാരുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.
പുഞ്ചിരിമട്ടം മേഖലയിൽ ഇനിയും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നു ചൂരൽമല കർമസമിതി ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും വിശദമായ പരിശോധന ഉണ്ടാകുമെന്ന് റവന്യു അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മുന്നൊരുക്കം നടത്തുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. റവന്യു, വനം, പോലീസ്, ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥർ പ്രദേശത്ത് സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
Kerala
വയനാട്: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. . മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
മുണ്ടക്കൈ-അട്ടമല റോഡ് പൂർണമായും മുങ്ങി. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.