കോട്ടയം: ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് മൂന്നിന് നടക്കും.
ലീഡ് ബാങ്കിന്റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിക്കും. പത്തു വര്‍ഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.
രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാന്പില്‍ ലഭിക്കും. ക്യാന്പിനു ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.