സുരേഷ് കുമാറും കുടുംബവും തകർന്ന വീടിനു മുന്നിൽ.
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിന്റെ വീട് കാറ്റിലും മഴ യിലും തകർന്നു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. സുരേഷ് കുമാറിന്റെ വൃദ്ധമാതാവ് തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.
കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്. ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു.
ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം ആരംഭിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ വീട് നിർമാണവും പ്രതിസന്ധിയിലായിരുന്നു.
ഇതിനിടയിലാണ് ഏക ആശ്രയമായ ഈ കിടപ്പാടവും ഇവർക്ക് ഇല്ലാതായത്. കിടപ്പാടം നഷ്ടമായ കുടുംബത്തെ തൽക്കാലം മറ്റൊരു വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പഞ്ചായത്തംഗം വീണാ ശ്രീകുമാർ പറഞ്ഞു.