എന്നേക്ക്...? പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം.
തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാകുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്. പാലം നിർമാണം പൂർത്തിയായെങ്കിലും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചത്. 12 മീറ്റർ വീതിയിലാണ് 90 ലക്ഷം രൂപ മുതൽമുടക്കിൽ അപ്രോച്ച് റോഡ് നിർമിക്കുന്നത്. ഏഴു മാസം മുന്പ് അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോൾ ഇഴഞ്ഞാണ് നിർമാണപ്രവർത്തനങ്ങൾ നീങ്ങുന്നത്.
പൂർത്തിയായത് കരിങ്കൽക്കെട്ട് മാത്രം
റോഡിന്റെ അരികിലെ കരിങ്കൽക്കെട്ടാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. ഇതിൽ മണ്ണിട്ടു നികത്തിവേണം റോഡ് ടാറിംഗ് ഉൾപ്പെടെ നിർമാണം പൂർത്തിയാക്കാൻ. എന്നാൽ കരാറുകാരൻ തുടർച്ചയായി നിർമാണം നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുടർച്ചയായി നിർമാണം നടത്തിയാൽ ഒരു മാസം കൊണ്ടു പൂർത്തിയാക്കാൻ കഴിയുന്ന ജോലിയാണ് കരാറുകാരന്റെ ഉദാസീനതമൂലം അനന്തമായി നീളുന്നത്. പാലം നിർമാണം നടത്തിയ മൂവാറ്റുപുഴയിലെ സ്വകാര്യ കരാർ കന്പനിയാണ് അപ്രോച്ച് റോഡും നിർമിക്കുന്നത്.
മാരിയിൽ കലുങ്ക് പാലം നിർമാണം പൂർത്തിയായിട്ട് പത്തു വർഷത്തോളമായിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ ഗതാഗതത്തിനു തുറന്നുകൊടുക്കാനായിരുന്നില്ല. ഇതിനിടെ പാലത്തിന്റെ ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.80 കോടി ഉപയോഗിച്ച് പൂർത്തിയാക്കി. അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇവിടെ റോഡ് നിർമാണം പൂർത്തിയാക്കാനായി.
എന്നാൽ കാഞ്ഞിരമറ്റം ഭാഗത്തെ സ്ഥലമെടുപ്പു നടപടികൾ വൈകിയതാണ് ഇവിടെ അപ്രോച്ച് റോഡ് നിർമാണം വൈകാനിടയാക്കിയത്. ഒടുവിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി അപ്രോച്ച് റോഡ് നിർമാണത്തിനു തുടക്കമായതോടെ പാലം ഉടൻതന്നെ ഗതാഗതത്തിനു തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. ഇതാണ് ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നത്. ജനപ്രതിനിധികൾ ഇടപെട്ട് അപ്രോച്ച് റോഡ് നിർമാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കി പാലം തുറന്നുകൊടുത്താൽ പ്രദേശത്തിന്റെ വികസനത്തിനു വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഞ്ഞിരമറ്റം, കീരികോട്, തെക്കുംഭാഗം, അഞ്ചിരി ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.
ഇതിനു പുറമെ കാരിക്കോട് - ചുങ്കം ബൈപാസും പൂർത്തിയാക്കിയാൽ തൊടുപുഴയുടെ കിഴക്കൻ മേഖലയിലുള്ള ഒൻപതു പഞ്ചായത്തുകളിലുള്ളവർക്ക് ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.