കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ട മുന്നൊരുക്കം മുതല്‍ രൂപമാറ്റത്തിനൊരുങ്ങിയ നഗരത്തിലെ നടപ്പാതകള്‍ നല്ലനടപ്പിന് കൊള്ളില്ലെന്ന ആക്ഷേപത്തിന് ഇന്നും മാറ്റമില്ല. പഴയതിലും മെച്ചപ്പെട്ടിട്ടുണ്ടെന്ന് സമ്മതിക്കാമെങ്കിലും മിക്ക നഗര റോഡുകളും കാല്‍നടയാത്രക്ക് അനുയോജ്യമല്ലെന്ന അനുഭവമാണ് യാത്രക്കാര്‍ക്ക്. എംജി റോഡ് പോലുള്ള പ്രധാന പാതകളില്‍പോലും നടപ്പാതകളുടെ അവസ്ഥ പരിതാപകരമാണ്. നിരപ്പല്ലാത്തതും തകര്‍ന്നതുമായ നടപ്പാതകള്‍ അപകടക്കെണികളായി നഗരത്തിന്റെ പലയിടങ്ങളില്‍ ഇന്നുമുണ്ട്.
എംജി റോഡില്‍ കാര്യങ്ങള്‍ നിരപ്പല്ല
എംജി റോഡില്‍ പല ഭാഗങ്ങളിലും കാനയ്ക്ക് മുകളില്‍ സ്ലാബ് ഇട്ടതല്ലാതെ നടപ്പാത നിര്‍മിച്ചിട്ടില്ല. നിരപ്പല്ലാത്ത സ്ലാബുകള്‍ കാല്‍നടയാത്ര ദുസഹമാക്കുന്നു. സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നതും അപകട ഭീഷണിയാണ്. പൈപ്പുവഴി കേബിള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്ലാബുകള്‍ക്ക് വിടവുമുണ്ട്.
ചിറ്റൂര്‍ റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, കെപി വള്ളോന്‍ റോഡ് തുടങ്ങിയ തിരക്കേറിയ റോഡുകളുടെ ഇരുവശങ്ങളിലും നടപ്പാതകള്‍ തകര്‍ന്നുകിടക്കുകയാണ്.
ചിലഭാഗത്ത് കാനയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ അപകടകരമായ വിധം പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുകയാണ്.
മെട്രോയ്ക്ക് താഴെ നടപ്പ് ദുര്‍ഘടം
നഗരത്തിലെ പ്രധാന ജംഗ്ഷനിലൊന്നായ കലൂരില്‍ നടപ്പാതകളിലെ ടൈലുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കലൂര്‍ മുതല്‍ ജെഎല്‍എന്‍ സ്റ്റേഡിയം വരെ ചെറുകുഴികളില്‍ വീഴാതെ വേണം നടക്കാന്‍. മെട്രോ നിര്‍മാണം നടക്കുന്ന ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം സിഗ്നല്‍ ജംഗ്ഷന് വരെ നടപ്പാതകള്‍ തകര്‍ന്ന് തരിപ്പണമാണ്.
നടപ്പാതകള്‍ ഒഴിവാക്കി ആളുകള്‍ റോഡിലേറ്റ് ഇറങ്ങിയതോടെ അപകടസാധ്യതയും ഏറി. നടപ്പാതകളില്‍ മഴവെള്ളം കെട്ടിക്കിടന്ന് അപകടം സംഭവിക്കുന്നതും പതിവാണ്.
അതേസമയം ബാനര്‍ജി റോഡ് ഷണ്മുഖം റോഡ്, മത്തായി മാഞ്ഞൂരാന് റോഡ്, സഹോദരന് അയ്യപ്പന് റോഡ് എന്നീ പ്രധാന റോഡുകള്‍ക്ക് ഇരുവശവും നല്ലനടപ്പാതകളുണ്ട്.
അറ്റകുറ്റപ്പണിക്ക് ആര്‍ക്ക് താല്പര്യം?
കൃത്യമായ മെയിന്റനന്‍സ് ഇല്ലാത്തതാണ് പുതിയ നടപ്പാതകള്‍ പോലും തകര്‍ന്ന് കിടക്കാന്‍ കാരണം. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി സിഎസ്എംഎല്ലിന്റെ പണം ഉപയോഗപ്പെടുത്തി പ്രധാന റോഡുകളില്‍ നടപ്പാതകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ പരിശോധനകളോ പൊട്ടിപ്പൊള്ളിഞ്ഞ ഭാഗങ്ങൾ അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കുകയോ ചെയ്യുന്നില്ല. ബാനര്‍ജി റോഡിലും ഷണ്മുഖം റോഡിലും എസ്എ റോഡിലുമൊക്കെ ഇതാണ് അവസ്ഥ.
ആധുനിക നടപ്പാത എവിടെ?...
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി കെകെ റോഡിലും എസ്എ റോഡിലും രണ്ടരവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ആധുനിക നടപ്പാത ഇന്നും കാണാമറയത്താണ്. ഇരു റോഡിലും നടപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വിഭാവനം ചെയ്ത സൗകര്യങ്ങളൊന്നും ഇവിടെയില്ല.
ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വീതികൂടിയ സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങളും വഴിവിളക്കുകളും അലങ്കാര ചെടികളും വേസ്റ്റ് ബിന്നുകളുമൊക്കെയായിരുന്നു കെഎംആര്‍എല്‍ അന്ന് പുറത്തുവിട്ട രൂപരേഖയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പതിവ് സൗകര്യങ്ങളല്ലാതെ നടപ്പാതയെ പുതിയ കാലത്തിനനുസൃതമായി രൂപമാറ്റം വരുത്തുന്ന ഒരു നിര്‍മിതിയും ഉണ്ടായിട്ടില്ല.
പനമ്പിള്ളി നഗര്‍ ജംഗ്ഷന് മുതല്‍ വൈറ്റില ജംഗ്ഷന് വരെ 3.2 കിലോമീറ്റര്‍ പാതയുടെ ഇരുവശങ്ങളിലുമായാണ് ആധുനിക നടപ്പാത നിര്‍മിക്കുന്നതിന് കെഎംആര്‍എല്‍ രൂപരേഖ തയാറാക്കിയത്. ഭിന്നശേഷിയുള്ളവർക്കും കാഴ്ച്ച പരിമിതര്‍ക്കും വയോധികര്‍ക്കും ഉള്‍പ്പെടെ സുരക്ഷിതമായി അനായാസം സഞ്ചരിക്കാവുന്ന തരത്തിലാണ് നടപ്പാത ഒരുക്കുന്നത് എന്ന് പറഞ്ഞിരുന്നു. യാത്രക്കാര്‍ക്ക് അല്പ നേരം ഇരുന്ന് വിശ്രമിക്കാന്‍ കഴിയും വിധമുള്ള സൗകരങ്ങളും ഇരിപ്പിടങ്ങളില്‍ ഉണ്ടാകുമെന്നുമായിരുന്നു ഉറപ്പ്.
പക്ഷെ ഉയര്‍ത്തി പുനര്‍നിര്‍മിച്ച് ടൈല്‍ വിരിച്ചു എന്നല്ലാതെ ആധുനികത അടയാളപ്പെടുത്തുന്ന ഒന്നുമില്ല.ജിസിഡിയുടെ ഉടമസ്ഥതയിലുള്ള കലൂര്‍-കടവന്ത്ര റോഡിലും സമാനമായ സൗകര്യങ്ങളോടെയാണ് നടപ്പാത വിഭാവനം ചെയ്തത്. റോഡ് പുനര്‍നിര്‍മാണത്തോടൊപ്പം നടപ്പാതയുടെ നിര്‍മാണവും നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും റോഡ് നിര്‍മാണം വൈകിയതിനാല്‍ മാസങ്ങള്‍ക്ക് മുമ്പേ നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
എന്നാല്‍ സാധാരണയായി കാണാറുള്ള നടപ്പാതകളിലെ സൗകര്യങ്ങളില്‍ കൂടുതലായി ഒന്നുംതന്നെ ഇവിടെയുമില്ല. മീഡിയനില്‍ സൗന്ദര്യവത്കരണവും വിഭാവനം ചെയ്തിരുന്നെങ്കിലും അതും കടലാസില്‍ തന്നെയാണ്.