കൊച്ചി: ആലുവ-മൂന്നാര്‍ ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് നിര്‍മാണത്തിലെ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. നിര്‍മാണം നടക്കുന്നത് റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
വനഭൂമിയിലെന്ന് ആദ്യം അറിയിച്ചശേഷം പിന്നീട് റവന്യു ഭൂമി എന്നു തിരുത്തിയ സര്‍ക്കാര്‍ നിലപാടിലും കോടതി സംശയം പ്രകടിപ്പിച്ചു. ദേശീയപാതാ വികസനം നടക്കേണ്ട ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥത റവന്യു വകുപ്പിനാണോ വനം വകുപ്പിനാണോ എന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി വിജ്ഞാപനമിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റിസര്‍വ് വനമല്ലെന്നാണ് ഉത്തരവെങ്കില്‍ പാത വീതികൂട്ടുന്ന നടപടിയുമായി ദേശീയപാതാ അഥോറിറ്റിക്കു മുന്നോട്ടുപോകാം. അതേസമയം, കോടതിയുടെ അന്തിമ തീര്‍പ്പില്‍ ഇതു വനമാണെന്നു കണ്ടെത്തിയാല്‍ വനസംരക്ഷണ നിയമം ലംഘിച്ചതിനുള്ള പ്രത്യാഘാതങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് നിതന്‍ ജാംദാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് ഫയല്‍ ചെയ്ത ഹര്‍ജിയും ദേശീയപാതാ അഥോറിറ്റിയുടെ റിവ്യൂ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. 13 കിലോമീറ്റര്‍ ദൂരത്തില്‍ പാതയുടെ വികസനം നടത്തുന്നത് വനഭൂമിയിലാണെന്ന ആക്ഷേപം ഒരു വശത്തുണ്ട്. പാതയുടെ അപര്യാപ്തത കാരണമുള്ള ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്നവും മറുഭാഗത്തുണ്ടെന്നും പറഞ്ഞ കോടതി സന്തുലിതമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
മണ്ണിടിച്ചിലും മറ്റു പരിസ്ഥിതിപ്രശ്നങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. അടയാളപ്പെടുത്തിയ പ്രദേശത്തു മാത്രമേ നിര്‍മാണം നടത്താവൂവെന്നും കോടതി നിര്‍ദേശിച്ചു.
Tags : Neryamangalam Valara road Construction