ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടയിൽ ഡൽഹിയിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ. പിടിയിലായ രണ്ടുപേരുടെയും പേര് അദ്നാൻ എന്നാണെന്ന് പോലീസ് പറഞ്ഞു
ഇവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയുമാണ്. തെക്കൻ ഡൽഹിയിലെ ഒരു മാളും ഒരു പാർക്കും ഉൾപ്പെടെ നിരവധി തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്.
ഐഎസ്ഐഎസിനോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന പ്രതികളുടെ വീഡിയോയും ഡൽഹിയിൽ ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സ്ഫോടക വസ്തുവിനുള്ള താത്കാലിക ടൈമറായി ഉപയോഗിക്കുന്ന ഒരു വാച്ചും പിടിച്ചെടുത്തു.
ഡൽഹി സ്വദേശിയായ യുവാവിനെ കഴിഞ്ഞ 16 ന് സാദിഖ് നഗറിൽ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അദ്നാനെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഗ്യാൻവാപി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ഭോപ്പാൽ സ്വദേശി നേരത്തെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags :